എം.പി ഓഫീസ് അക്രമം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്നു കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി

*കല്‍പറ്റയില്‍ ശനിയാഴ്ച യു.ഡി.എഫ് പ്രതിഷേധ റാലി

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പി ഓഫീസില്‍ അക്രമം നടത്തിയതിനെത്തുടര്‍ന്നു യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നില്‍ ആരംഭിച്ച കുത്തിയിരിപ്പുസമരം ഒത്തുതീര്‍ക്കുന്നതിനു നടത്തിയ ചര്‍ച്ചയിലാണ് റേഞ്ച് ഡി.ഐ.ജി ഈ ഉറപ്പ് നല്‍കിയത്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഡി.സ.ിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, എം.കെ.രാഘവന്‍ എം.പി, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ എന്നിവര്‍ യു.ഡി.എഫിനെ പ്രതിനിധാനം ചെയ്തു ചര്‍ച്ചയില്‍ പങ്കെടുത്തു. എം.പി. ഓഫീസ് അക്രവുമായി ബന്ധപ്പെട്ട കേസ് കല്‍പറ്റ ഡിവൈ.എസ്.പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നു ഡി.ഐ.ജി ഉറപ്പുനല്‍കി. ജില്ലാ പോലീസ് ഓഫീസില്‍ രാത്രി ഏഴേകാലോടെ ആരംഭിച്ച ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. എട്ടു മണിയോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നിലെ സമരം യു.ഡി.എഫ് അവസാനിപ്പിച്ചത്.
അതിനിടെ, എം.പി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ചു ശനിയാഴ്ച യു.ഡി.എഫ് കല്‍പറ്റയില്‍ റാലിയും പൊതുയോഗവും നടത്തുമെന്നു ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഉച്ചകഴിഞ്ഞു മൂന്നിനു എം.പി ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന റാലി പുതിയ സ്റ്റാന്‍ഡ് പരിസരത്തു സമാപിക്കും. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുസ്‌ലിംലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles