വയനാട്ടില്‍ ഇരിപ്പുറയ്ക്കാതെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍

കല്‍പറ്റ: വയനാട്ടില്‍ ഇരിപ്പുറയ്ക്കാതെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍. ഏതാനും നാളുകളായി രണ്ടു വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരാണ് ജില്ലയില്‍. ഇത് വിദ്യാഭ്യാസ വകുപ്പിനകത്തും പുറത്തും ചര്‍ച്ചയായിരിക്കെ, ചുമതലയേറ്റ് മാസം തികയുംമുമ്പു ജില്ലാ വിദ്യാഭ്യാസ ഓഫീസറെ സ്ഥലംമാറ്റി.
ദീര്‍ഘകാലമായി ജില്ലയില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, വിദ്യാഭ്യാസ ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതു വിവാദമായപ്പോള്‍ രണ്ടു തസ്തികകളിലും നിയമനത്തിനു വകുപ്പധികൃതര്‍ തയാറായി. പക്ഷേ, നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒന്നിനു പകരം രണ്ടു ഡി.ഡി.ഇമാരാണ് ജില്ലയിലെത്തിയത്. ജൂണ്‍ മൂന്നിനു ഇടുക്കി ജില്ലാ വിദ്യഭ്യാസ ഉപഡയക്ടര്‍ വി.എ. ശശീന്ദ്രവ്യാസിനെ വയനാട്ടിലേക്കും നിലവിലെ ഡി.ഡി.ഇ കെ.ശശിപ്രഭയെ ഇടുക്കിയിലേക്കും സ്ഥലംമാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതില്‍ ശശീന്ദ്രവ്യാസ് വയനാട് സ്വദേശിയാണ്. ശശിപ്രഭ മലപ്പുറംകാരിയും. സ്ഥലംമാറ്റത്തിനെതിരെ ശശിപ്രഭ കേരള അഡ്മനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതുമായി ശശിപ്രഭ വരുന്നതിനു മുന്നേ ശശീന്ദ്രവ്യാസ് ഇടുക്കിയില്‍നിന്നു വയനാട്ടിലെത്തി ചുമതലയേറ്റു. ഇതോടെ ട്രിബ്യൂണല്‍ വിധിയുടെ ബലത്തില്‍ ശശിപ്രഭയും സര്‍ക്കാര്‍ ഉത്തരവുമായി ശശീന്ദ്രവ്യാസും ഓഫീസില്‍ ഇടം നേടി. ജില്ലയില്‍ ആദ്യമായാണ് ഒരു ഓഫീസില്‍ ഒരേ തസ്തികയില്‍ ഒരേസമയം രണ്ടു പേരുടെ സാന്നിധ്യം. രണ്ട് ഡി.ഡി.ഇ മാര്‍ ഒരേസമയം ഓഫീസിലുണ്ടായിട്ടും പരീക്ഷാഫലങ്ങളുടെ ജില്ലാതല അവലോകനം പോലും നടന്നില്ലെന്നതു വേറെ കാര്യം.
ഡി.ഡി.ഇ ഓഫീസിലെ കസേരകളി തുടരുന്നതിനിടെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.ആര്‍. സുധര്‍മയെ എറണാകുളം ഡി.ഇ.ഒയായും കല്ലാച്ചി ജി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ കെ. സുനില്‍കുമാറിനെ സ്ഥാനക്കയറ്റം നല്‍കി വയനാട് ഡി.ഇ.ഒ ആയും നിയമിച്ചത്.ചുമതലയേറ്റു കാര്യങ്ങള്‍ പഠിക്കുന്നതിനിടെയാണ് സുധര്‍മയ്ക്കു പൊടുന്നനെ സ്ഥലംമാറ്റം.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ച് ദിവസങ്ങളായിട്ടും അവലോകനത്തിനും പോരായ്മകകളുടെ പരിഹാരത്തിനു നടപടികള്‍ സ്വീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെന്നു വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ പരിഭവം പറയുന്നുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സംവിധാനവും ഗുണനിലവാരവും തകര്‍ക്കുന്ന സമീപനമാണ് വകുപ്പു മേധാവികള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ഫലം വന്നപ്പോള്‍ മൂന്നു വിഭാഗത്തിലും സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ വയനാടാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles