വയനാട്ടില്‍ ഇന്നുമുതല്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട്

ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കല്‍പറ്റ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിലും കണ്ണൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലര്‍ട്ട് തുടരും.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതാണ് കാലവര്‍ഷം കനക്കാന്‍ കാരണം. ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തിയും, ഒഡിഷക്കും ഛത്തിസ്ഗറിനും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 4 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) നാളെ (വെള്ളിയാഴ്ച) രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

0Shares

Leave a Reply

Your email address will not be published.

Social profiles