തലയില്ലാത്ത മൃതദേഹം; ആളെ തിരിച്ചറിയാനായില്ല

മൃതദേഹം ഇന്ന് വൈകുന്നേരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും

മാനന്തവാടി: ചങ്ങാടക്കടവ് പുഴയില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. ഇന്ന് വൈകീട്ടോടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിാനായി മൃതദേഹം കോഴികോട്ടേക്ക് കൊണ്ടുപോകുക. അതേസമയം മൃതദേഹം ആരുടെതാണെന്ന് രണ്ടാം ദിവസവും തിരിച്ചറിയാനായിട്ടില്ല. ബുധനാഴ്ച രാവിലെയോടെയാണ് മാനന്തവാടി ചങ്ങാടക്കടവ് പുഴയില്‍ തലയില്ലാത്ത ഏകദേശം അന്‍പത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അറ്റ്‌പോയ ശിരസിനായി ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ശിരസ് കണ്ടെത്താനായില്ല. മാനന്തവാടിക്ക് പുറമെ മറ്റ് സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കാണാതായവരുടെ കുടുംബങ്ങളിലെ ചില കുടുംബാഗങ്ങള്‍ മാനന്തവാടി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അവരില്‍പ്പെട്ട ആരും അല്ലെന്നാണ് അറിഞ്ഞത്. സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഒന്നോ രണ്ടോ ദിവസം ആളെ തിരിച്ചറിയാന്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. പിന്നീട് പൊലീസ് പോസ്റ്റ്‌മോര്‍ട്ട നടപടികളിലേക്ക് കടക്കുകയാണ് പതിവ്. തൂങ്ങി മരിച്ച ശേഷം തല അറ്റുപോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടും ബന്ധുകളാരും എത്താത്തതും അറ്റ് പോയ ശിരസ് കിട്ടാത്തതിനാലും കോഴികോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഫോറന്‍സിക്ക് സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാവും ഉചിതമെന്ന നിഗമനത്തിലെത്തുകയായിരുന്നു മാനന്തവാടി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മരണകാരണം എന്തെന്ന് വ്യക്തമാവുകയുള്ളു.

0Shares

Leave a Reply

Your email address will not be published.

Social profiles