ദുരിതപ്പെയ്ത്തില്‍ നനഞ്ഞ് വൈശ്യന്‍കോളനി

പുഴക്കംവയല്‍ വൈശ്യന്‍കുന്ന് കോളനിയിലെ ശോച്യാവസ്ഥയിലായ കൂരകള്‍

കോട്ടത്തറ: ചെറിയ മഴക്ക് പോലും നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെടുന്ന കോട്ടത്തറ പഞ്ചായത്തിലെ പുഴക്കംവയല്‍ വൈശ്യന്‍കുന്ന് കോളനിയില്‍ ദുരിതപ്പെയ്തിന് അറുതിയാവുന്നില്ല. മഴവെള്ളം പൊങ്ങുന്നതിനൊപ്പം കൂരയോളമെത്തുന്ന ആധിയില്‍ കഴിയുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. കോളനിയിലെ കൂരകളെല്ലാം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സമ്പൂര്‍ണ വൈദ്യൂതികരണം പോലും ഇതുവരെ കോളനിയിലെത്തിയിട്ടില്ല.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളോ, മഴക്കാല രോഗങ്ങളെ തടയാനുള്ള യാതൊരുവിധ മുന്നൊരുക്കങ്ങളോ ഈ കോളനിയില്‍ നടത്തിയിട്ടില്ല. പല വീടുകളിലും വൈദ്യുതി ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും പഠനത്തിന് മണ്ണെണ വിളക്കുതന്നെയാണ് മുഖ്യ ആശ്രയം. പതിനേഴ് കുടുംബങ്ങളുള്ള ഈ കോളനിയില്‍ കുട്ടികളടക്കം എണ്‍പതോളം അംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. കോളനി നിവാസികളെ സൗകര്യമള്ള വെങ്ങപള്ളിയിലെ ചൂരിയാറ്റയിലേക്ക് മാറ്റാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതും പഴ്വാക്കായി. മഴവെള്ളം ഒഴുകിയെത്തി പുഴകള്‍ നിറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് പതിവ്. പുഴകളിലെ വെള്ളം ഇറങ്ങുന്ന മുറക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോളനികളിലേക്കുള്ള കുടുംബങ്ങളുടെ മടക്കം.
രണ്ടു വര്‍ഷം മുമ്പ് പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ദുരിതത്തിന് അറുതിവരുമെന്ന പ്രതീക്ഷയിലായിരുന്നു കോളനിയിലെ കുടുംബങ്ങള്‍. എന്നാല്‍, നീണ്ടുപോവുന്ന ഭവന നിര്‍മാണം ഇവരുടെ പ്രതീക്ഷകള്‍ കെടുത്തുന്നു. വാസയോഗ്യമല്ലാതായ വീടുകളിലും കൂരകളിലുമാണ് വൈശ്യന്‍ കോളനിയിലെ കുടുംബങ്ങളുടെ താമസം. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. മഴക്കാലമായതിനാല്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിക്കുന്ന കോളനി നിവാസികള്‍ക്ക് സാക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യതയും വളരെ ഏറെയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles