കാലവര്‍ഷം കനത്തു: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം

കല്‍പറ്റ: ജില്ലയില്‍ മഴ കനത്തതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ, തൊഴില്‍, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ദുരന്ത സാഹചര്യത്തില്‍ പൊതു ഏകോപനത്തിന്റെയും, ദുരിതാശ്വാസത്തിന്റെയും ക്യാമ്പ് നടത്തിപ്പിന്റെയും ചുമതല ലാന്‍ഡ് റവന്യൂ വകുപ്പിനാണ്. താലൂക്ക് കേന്ദ്രങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി വില്ലേജ് ഓഫീസര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനം-പോലീസ്-അഗ്നിരക്ഷാ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ദുരന്ത മുന്നറിയിപ്പ് പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഇവര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യത പ്രദേശത്ത് നിന്നുളള ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഓറഞ്ച് ബുക്കില്‍ പ്രതിപാദിച്ചിട്ടുളളവര്‍ ഉണ്ടെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്ന വ്യക്തികളുടെ വിവരവും ശേഖരിക്കും.

ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല
ദുരന്ത സാധ്യത പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നിവ തദ്ദേശ സ്ഥാപനപരിധിയില്‍ ഏകോപിപ്പിക്കുന്ന ചുമതല തദ്ദേശ സ്ഥാപന മേധാവിക്കാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ലാന്‍ഡ് റവന്യൂ വകുപ്പിനോടൊപ്പം ഏകോപിപ്പിക്കണം. ഇതിനായി ഒരു ചാര്‍ജ്ജ് ഓഫീസറെ നിയോഗിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ ക്യാമ്പുകളും സജ്ജമാക്കുന്നതൊടൊപ്പം തദ്ദേശ സ്വയം ഭരണ തലത്തില്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം സജ്ജമാണെന്ന് ഉറപ്പ് വരുത്താനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
വിദ്യാലയങ്ങളടെയും ആശുപത്രികളുടെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം എഞ്ചിനീയറെ കൊണ്ട് പ്രാഥമിക പരിശോധന നടത്തി ഉറപ്പ് വരുത്തണം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ്സ് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. അപകടകരമായ സാഹചര്യത്തിലുള്ള പരസ്യ ഹോര്‍ഡിങ്ങുകളടെയും കാലപ്പഴക്കം ചെന്ന വൈദ്യുതതൂണുകളും തുടങ്ങിയവ യഥാസമയം മാറ്റണം. എല്ലാ പഞ്ചായത്തിലും ദുരന്ത സാഹചര്യത്തിലും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാന്‍ വേണ്ട നടപടികളും സ്വീകരിക്കണം. ഇതിനായി ജല അതോറിറ്റിയുടെ സഹായവും തേടണം. കെട്ടി നില്‍ക്കുന്ന ജലവും പരിസരങ്ങളും ശുചീകരിക്കന്നതിനും, കൊതുക് നിവാരണത്തിലും, കുടിവെളള സ്രോതസ്സുകള്‍ അണുവിമുക്തമാക്കുന്നതിനും ആവശ്യമായ സാധനങ്ങളും, ഉപകരണങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ കണ്ടെത്തേണ്ടതാണ്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പൂള്‍ രൂപീകരിച്ച് കോവിഡ്, മഴക്കാല ദുരന്ത പ്രതിരോധം എന്നിവയില്‍ ക്യാമ്പയിന്‍ നടത്തണം. വെള്ളപ്പൊക്ക ഭീഷണിയുള്ള പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതപുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles