ആഫ്രിക്കന്‍ പനി: പൂളക്കുണ്ടില്‍ 235 പന്നികളെ ദയാവധം ചെയ്തു

നെന്‍മേനി പൂളക്കുണ്ടില്‍ ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ദയാവധം ചെയ്യാനെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍.

കല്‍പറ്റ: നെന്‍മേനി പഞ്ചായത്തിലെ പൂളക്കുണ്ടില്‍ ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ച ഫാമിലെയും ഇതിനു ഒരു കിലോമീറ്റര്‍ പരിധിയിലുള്ള രണ്ടു ചെറുകിട ഫാമുകളിലെയും പന്നികളെ ദയാവധം ചെയ്തു. രണ്ടു ഫാമുകളിലുമായി 235 പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. പന്നികളെ സംസ്‌കരിക്കുന്നതിനു 33 അടി നീളവും പത്തടി വീതിയും 12 അടി താഴ്ചയുമുള്ള കുഴി തയാറാക്കിയതിനുശേഷം ഉച്ചകഴിഞ്ഞു മൂന്നരയോടെ തുടങ്ങിയ ദയാവധം രാത്രി വൈകിയാണ് പൂര്‍ത്തിയായത്. ഡോ.കെ. അസൈനാര്‍, ഡോ.വിഷ്ണു സോമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാപിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം. പന്നികളെ സ്റ്റണ്ണിംഗിലൂടെ ബോധംകെടുത്തുന്നതിനു തവിഞ്ഞാല്‍ കരിമാനിയില്‍ ദയാവധത്തില്‍ പങ്കാളികളായ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍ പി.ജെ. ഷൈജു, എ.എല്‍. പ്രവീണ്‍ ലാല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൂളക്കുണ്ടിലെ വലിയ ഫാമില്‍ 213 പന്നികളാണ് ഉണ്ടായിരുന്നത്. ചെറുകിട ഫാമുകളില്‍ ഒന്നില്‍ 14 ഉം മറ്റൊന്നില്‍ എട്ടും പന്നികളെയാണ് ദയാവധം ചെയ്തത്. ദയാവധ നടപടികള്‍ക്കു ശേഷം അഗ്നി-രക്ഷാസേനയുടെ സഹകരണത്താേടെ ഫാമുകളും പരിസരങ്ങളും അണു വിമുക്തമാക്കി.
2019ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 9,147 വളര്‍ത്തുപന്നികളാണുള്ളത്. എന്നാല്‍ ഇപ്പോഴത്തെ അനൗദ്യോഗിക കണക്കനുസരിച്ച് 500 ഓളം കര്‍ഷകര്‍ 20,000 പന്നികളെ വളര്‍ത്തുന്നുണ്ട്. പന്നികളില്‍ അതീവ മാരകവും 95 ശതമാനം വരെ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആഫ്രിക്കന്‍ പന്നിപ്പനി വൈറസിന് ജില്ലയിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാനുള്ള പ്രഹരശേഷി ഉണ്ടെന്നാണ് വിദഗ്ധാഭിപ്രായം. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫാമുകളിലെ ശക്തമായ ബയോ സെക്യൂരിറ്റി സംവിധാനവും ഈ രോഗത്തെ തടയുന്നതില്‍ അനിവാര്യതയാണെന്നും അവര്‍ പറയുന്നു. ആഫ്രിക്കന്‍ പന്നിപ്പനിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിപരീത വാര്‍ത്തകളില്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ആര്‍. രാജേഷ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles