പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കുടുംബ സംഗമം ഞായറാഴ്ച

കല്‍പറ്റ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കുടുംബ സംഗമം ‘സ്‌നേഹക്കൂട്ട് എന്ന പേരില്‍ ഞായറാഴ്ച കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ചേരും. സ്വാഗതസംഘം ഭാരവാഹികളായ ടി.പി. യൂനുസ്, കെ.എം. ആബിദലി, ജലീല്‍ കണിയാമ്പറ്റ, ടി. ഖാലിദ്, സമീര്‍ കൈതക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. രാവിലെ 10നു ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ കലക്ടര്‍ എ. ഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, സിജി സെക്രട്ടറി എം.പി. നിസാം തുടങ്ങിയവര്‍ പങ്കെടുക്കും. മലര്‍വാടി ബാല സമ്മേളനം, ഉത്പന്ന വിപണന മേള, ഗാനമേള എന്നിവ സംഗമത്തിന്റെ ഭാഗമാണ്.
പിന്നാക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് 2012ല്‍ നിലവില്‍വന്നതാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. ഭവന നിര്‍മാണം, തൊഴില്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, ചികിത്സാസഹായം, സംരംഭകത്വം, പുനരധിവാസം, പരിശീലനം, ലഹരി വിമുക്തി, ഫാമിലി കൗണ്‍സലിംഗ് തുടങ്ങിയ മേഖലകളില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2018ലെ പ്രളയത്തിനുശേഷം ഇതുവരെ ജില്ലയില്‍ 71 വീടുകള്‍ നിര്‍മിച്ചു നല്‍കി. കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളില്‍ നിര്‍ധനരായവരുടെ കുടുംബങ്ങള്‍ക്കായി ‘തണലൊരുക്കാം, ആശ്വാസമേകാം’ എന്ന പേരില്‍ സുരക്ഷാപദ്ധതി നടപ്പിലാക്കിയിരുന്നു. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സംഘടനകളുടെയും സഹകരണത്തോടെയാണ് ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles