മുതിരേരിയിലെ താത്കാലിക പാലം വെള്ളത്തിലായി

മുതിരേരിയിലെ താത്കാലിക പാലം വെള്ളംകയറിയ നിലയില്‍.

കുളത്താട: കനത്ത മഴയില്‍ മുതിരേരിയിലെ താത്കാലിക പാലം ഭാഗികമായി വെള്ളത്തിലായി. പാലത്തിന്റെ ഒരു ഭാഗത്തുകൂടി ശക്തിയായി വെള്ളം ഒഴുകുകയാണ്. അതിനാല്‍ ഇതിലേ യാത്രചെയ്യാന്‍ ആളുകള്‍ക്കു കഴിയാതായി. മാനന്തവാടി -വിമലനഗര്‍-കുളത്താട-വാളാട്-പേര്യ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് മുമ്പുണ്ടായിരുന്ന പാലം പൊളിച്ച് മണല്‍ച്ചാക്കും മണ്ണും, പൈപ്പും മറ്റും ഉപയോഗിച്ച് താത്കാലിക പാലം പണിതത്. ശക്തമായ മഴയില്‍ താത്കാലിക പാലം മുമ്പു രണ്ടു തവണ തകര്‍ന്നിരുന്നു. പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെയാണ് വീണ്ടും നിര്‍മിച്ചത്.
കുളത്താട, പോരൂര്‍, യവനാര്‍കുളം, ഒരപ്പ്, ആറോല പ്രദേശങ്ങളിലുള്ളവരെയാണ് താത്കാലിക പാലം വെള്ളത്തിലായതു വലയ്ക്കുന്നത്. ഇവിടങ്ങളിലുള്ളവര്‍ക്കു തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ മൂന്നു കിലോമീറ്ററിലധികം ചുറ്റണം. മുതിരേരി ഗവ.എല്‍.പി, യു.പി സ്‌കൂള്‍, യവനാര്‍കുളം ബദനി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പോകാനാകുന്നില്ല.
മുന്നൊരുക്കമില്ലാതെയാണ് മുതിരേരി പാലം പൊളിച്ചതെന്നു ചൂണ്ടിക്കാട്ടിയും ജനങ്ങളുടെ യാത്ര മുടങ്ങുന്ന സാഹചര്യമായതിനാല്‍ ഇടപെടണമെന്നു അഭ്യര്‍ഥിച്ചും നാട്ടുകാര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥല സന്ദര്‍ശനം നടത്തിയ അതോറിറ്റി സെക്രട്ടറിയുമായ സബ് ജഡ്ജ് സി.ഉബൈദുള്ള ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കിയെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല. മുതിരേരിയിലെ പുതിയ പാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles