ഒരു കളിക്കളം പദ്ധതി; കാട്ടിക്കുളത്ത് മാതൃകാ കളിക്കളമൊരുങ്ങുന്നു

മാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് നടപ്പിലാക്കുന്ന പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളത്ത് ആധുനിക രീതിയിലുള്ള കളിക്കളം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഒരേക്കറില്‍ കൂടുതലുള്ള പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങളെയാണ് പ്രസ്തുത പദ്ധതിക്കായി തെരഞ്ഞെടുത്തത്. എംഎല്‍.എയുടെ ശുപാര്‍ശ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍മാര്‍ പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് കായിക യുവജനകാര്യ ഡയറക്ടര്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി പരിശോധിച്ചാണ് പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് അനുമതി നല്‍കിയതിനാല്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വയനാടന്‍ കായിക കുതിപ്പിന് കരുത്തേകും. കാട്ടിക്കുളത്ത് കളിസ്ഥലമുയരുന്നതോടെ ആദിവാസി-പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാവും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളത്ത് ഉയരുന്ന കളിക്കളം മണ്ഡലത്തിലെ മാതൃകാ കളിക്കളമാക്കി മാറ്റാനുള്ള ഇടപെടല്‍ നടത്തുമെന്നും പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles