കളക്ടറേറ്റില്‍ ശിശു പരിപാലന കേന്ദ്രം തുറന്നു

കളക്ടറേറ്റില്‍ ആരംഭിച്ച ‘പിച്ചാ പിച്ചാ’ ശിശുപരിപാലന കേന്ദ്രം

കല്‍പറ്റ: കളിപ്പാട്ടങ്ങളും കളിചിരികളുമായി കളക്ട്രേറ്റില്‍ ‘പിച്ചാ പിച്ചാ’ ശിശുപരിപാലന കേന്ദ്രം ഉണര്‍ന്നു. സംസ്ഥാനത്തെ പുതുതായി തുടങ്ങിയ 25 ശിശുപരിപാലകേന്ദ്രങ്ങളില്‍ ഒന്നാണ് വയാനാട്ടിലും തുടങ്ങിയത്. പൂര്‍ണ്ണമായും ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ 6 മാസം മുതല്‍ 6 വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും, പരിചരണവും സുരക്ഷിതത്വവും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍, നിരീക്ഷണ പഠന സാമഗ്രികള്‍, പാട്ടുപെട്ടി, ഉറങ്ങാന്‍ തൊട്ടിലുകളും ബേബി കട്ടിലുകളും, കുഞ്ഞു നാളിലെ ശുചിത്വ ബോധം വളര്‍ത്തുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനുമായി ടോയ്ബിന്നുകള്‍, അക്ഷരങ്ങളും ചുറ്റുപാടുകളും തിരിച്ചറിയാന്‍ സഹായിക്കുന്ന ചുമരിലും, കര്‍ട്ടനിലും തയ്യാറാക്കിയ ചിത്രങ്ങള്‍, ബേബി സൗഹൃദ ഫര്‍ണിച്ചറുകള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥല സൗകര്യങ്ങള്‍ എല്ലാം ഈ കേന്ദ്രത്തിലുണ്ട്. കൂടാതെ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് അടുപ്പ് തുടങ്ങിയ സൗകര്യങ്ങളും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ‘പിച്ചാ…പിച്ചാ’ ശിശുപരിപാലന കേന്ദ്രത്തിലുണ്ട്.
വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാ ശിശുക്ഷേമ സമിതിയാണ് ശിശുപരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. രണ്ട് പരിപാലകരാണ് കേന്ദ്രത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി’ യുടെയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനിലും കേന്ദ്രം ഉയര്‍ന്നത്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ ടി. ഹഫ്സത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ഷംസുദ്ദീന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സത്യന്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍, വനിത ശിശു വികസന വകുപ്പ് ജീവനക്കാര്‍, ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികള്‍, രക്ഷാകര്‍ത്ര സമിതി അംഗങ്ങള്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles