വാഹനീയം: 229 പരാതികള്‍ക്ക് പരിഹാരം

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ നടന്ന മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്തില്‍നിന്ന്.

കല്‍പറ്റ: വയനാട്ടില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത്(വാഹനീയം 2022) നടത്തി. 229 പരാതികള്‍ പരിഹരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്ന പരാതികളും പുതുതായി ലഭിച്ച അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. 277 പരാതികളാണ് മന്ത്രിയുടെ പരിഗണനയക്കുവന്നത്. 48 പരാതികള്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി. രാവിലെ 11 മുതല്‍ ഏകദേശം നാലു മണിക്കൂര്‍ പരാതിക്കാരെ കാണാന്‍ മന്ത്രി ചെലവഴിച്ചു. മേല്‍വിലാസത്തില്‍ അയച്ചിട്ടും വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാതെ തിരിച്ചുവന്ന ആര്‍.സി ബുക്കും ലൈസന്‍സുകളുമടങ്ങുന്ന രേഖകള്‍ ഉടമസ്ഥര്‍ക്ക് മന്ത്രി കൈമാറി. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി വോളണ്ടിയര്‍മാരും ചേര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ബിന്ദുവിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. റോഡ് സേഫ്റ്റി വോളണ്ടിയര്‍മാര്‍ക്കും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി നേരിട്ടു നടത്തുന്ന വാഹനീയം അദാലത്തില്‍ ഇതുവരെ 5,000ല്‍ അധികം പരാതികള്‍ തീര്‍പ്പാക്കി.
കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന അദാലത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്.പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ്, ആര്‍.ടി.ഒ ഇ.മോഹന്‍ദാസ്, അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles