കടുവ സാന്നിധ്യം തലവേദനയായി

കല്‍പറ്റ: നാട്ടിന്‍പുറങ്ങളിലെ കടുവ സാന്നിധ്യം നാട്ടുകാര്‍ക്കും വനപാലകര്‍ക്കും തലവേദനയായി. കടുവകളെ പേടിച്ചാണ് വയനാട്ടില്‍ മിക്ക വനാതിര്‍ത്തി ഗ്രാമങ്ങളിലും ജനജീവിതം. കൃഷിയിടങ്ങളിലെ കടുവ വിഹാരം വനം ജീവനക്കാരുടെയും ഉറക്കം കെടുത്തുകയാണ്. കടുവകള്‍ കാടിറങ്ങി ഭീതി വിതയ്ക്കുമ്പോള്‍ ജനം പറയുന്ന പഴി മുഴുവന്‍ ക്ഷമയോടെ കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് വനപാലകര്‍.
കാട്ടില്‍ മാനും പന്നിയും അടക്കം മൃഗങ്ങള്‍ എമ്പാടുമുണ്ട്. എങ്കിലും കടുവകള്‍ കൃഷിയിടങ്ങളില്‍ ഇരതേടുന്ന സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായും കാടിറങ്ങുന്ന ആനകളെക്കൊണ്ടു ഗതികെട്ട ജനത്തിനു മറ്റൊരു വെല്ലുവിളിയായിരിക്കയാണ് ഗ്രാമങ്ങിലേക്കുള്ള കടുവകളുടെ വരവും പോക്കും. അടുത്തിടെ വാകേരി ടൗണിനോടു ചേര്‍ന്നു കൃഷിയിടത്തിലും കടുവ എത്തി.
രാവില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കടുവകള്‍ തോട്ടങ്ങളില്‍ ഭക്ഷണം തേടുന്ന കാട്ടുമൃഗങ്ങള്‍ക്കു പുറമേ വളര്‍ത്തുജീവികളിലും കണ്ണുവയ്ക്കുകയാണ്. തിങ്കളാഴ്ച രാത്രി മീനങ്ങാടി മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുക്കിടാവിനെ കടുവ പിടിച്ചു. ഞായറാഴ്ച രാത്രി ആവയലില്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കൊന്നു. സമീപ പ്രദേശങ്ങളായ മൈലമ്പാടി, സിസി, പുല്ലുമല എന്നിവിടങ്ങളിലും കടുവ എത്തി.
പുല്‍പള്ളി അങ്ങാടിക്കടുത്തുള്ള എരിയപ്പള്ളി, ചീയമ്പം പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഇറങ്ങിയ കടുവ
ദിവസങ്ങളോളമാണ് നാട്ടുകാരുടെയും വനപാലകകരുടെയും സൈ്വരം കെടുത്തിയത്. ദിവസങ്ങള്‍ മുമ്പ് വാകേരിയില്‍ കാപ്പിത്തോട്ടത്തില്‍ കടുവയും രണ്ടു കുട്ടികളും എത്തി. രാത്രി കൃഷിയിടത്തില്‍ മാനിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച കടുവയും കുട്ടികളും നേരം പുലര്‍ന്നിട്ടും കാടുകയറിയില്ല. പകല്‍ കൃഷിയിടത്തില്‍ തങ്ങിയ ഇവയെ വനപാലകരും പോലീസും സാഹസപ്പെട്ടാണ് തുരത്തിയത്. പുല്‍പള്ളി മഠാപ്പറമ്പില്‍ അതിര്‍ത്തി വനത്തില്‍ മൂരിയെ കടുവ കൊന്നതു അടുത്തകാലത്താണ്. മേയാന്‍ വിട്ടിരുന്ന മൂരിയെ വൈകുന്നേരം തൊഴുത്തിലേക്കു തെളിക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. മൂരിയുടെ ഉടമ കൊളറാട്ടുകുന്നു പൈക്കമൂല നിര്‍മല ഭാഗ്യത്തിനാണ് കടുവയുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടത്.
കാട്ടില്‍ ഇരതേടാന്‍ കഴിയാത്ത വിധം ആരോഗ്യപ്രശ്‌നങ്ങളുള്ള കടുവകളാണ് നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നതെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ശാരീരിക അവശതകളില്ലാത്ത കടുവകളും ഇപ്പോള്‍ നാട്ടില്‍ ഇരതേടുകയാണ്. ആഴ്ചകള്‍ മൂമ്പ് വാകേരിയിലെ സ്വകാര്യ തോട്ടത്തില്‍ കൂടുവച്ചു പിടിച്ച കടുവയ്ക്കു വനത്തില്‍ ഇരപിടിക്കാന്‍ കഴിയാത്തവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ പരിശോധനയില്‍ വ്യക്തമായത്.
കടുവ ശല്യം കാട്ടാനശല്യം പോലെ പതിവാകുമെന്ന ആകുലത വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളില്‍ വര്‍ധിക്കുകയാണ്. വയനാടന്‍ വനത്തില്‍ കടുവകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതവും 326.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സൗത്ത് വയനാട് ഡിവിഷനും 215.89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നോര്‍ത്ത് വയനാട് ഡിവിഷനും അടങ്ങുന്നതാണ് വയനാടന്‍ വനം. കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതങ്ങളുമായി അതിരിടുന്നതുമാണ് വയനാടന്‍ കാട്. ഏറ്റവും ഒടുവിലെ കണക്കെടുപ്പു പ്രകാരം വന്യജീവി സങ്കേതത്തില്‍ 75 ഉം മറ്റു ഡിവിഷനുകളില്‍ ഇരുപതിനടുത്തും കടുവകളാണുള്ളത്. 2018ലെ സെന്‍സസില്‍ നാഗര്‍ഹോളയില്‍ 127 ഉം ബന്ദിപ്പുരയില്‍ 126 ഉം കടുവകളെയാണ് കാണാനായത്. വയനാട്ടിലെയും സമീപങ്ങളിലെയും വനങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കടുവകളുടെ എണ്ണം കുറഞ്ഞതു 10 ശതമാനം വര്‍ധിച്ചുവെന്നാണ് പൊതുവെ നിഗമനം. നിലവില്‍ ജില്ലയില്‍ സൗത്ത് വയനാട് വനം ഡിവിഷനു പരിധിയില്‍ വരുന്ന ജനവാസകേന്ദ്രങ്ങളിലാണ് കടുവ ശല്യം കൂടുതല്‍.

0Shares

Leave a Reply

Your email address will not be published.

Social profiles