കൃഷ്ണഗിരിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ബത്തേരി തഹസില്‍ദാറിന്റെ ഉത്തരവ്

കല്‍പറ്റ: കൃഷ്ണഗിരിയിലെ സ്വകാര്യ തോട്ടത്തില്‍ മുറിച്ച 13 കുറ്റി ഈട്ടി കസ്റ്റഡിയിലെടുക്കാന്‍ ബത്തേരി തഹസില്‍ദാര്‍ ഉത്തരവായി. മരംമുറി നടന്നതു സര്‍ക്കാരിനു അവകാശപ്പെട്ട ഭൂമിയിലാണെന്ന പരാതിയിലാണ് തഹസില്‍ദാരുടെ നടപടി. അതിനിടെ, മരംമുറിയില്‍ ഗൂഢാലോചനയുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കൃഷ്ണഗിരി വിലേജില്‍ 250/1 എ1 ബി സര്‍വേ നമ്പറില്‍പെട്ട ഭൂമിയിലാണ് മരം മുറി നടന്നത്. ജന്‍മം പട്ടയഭൂമിയെന്നു ഉടമകള്‍ അവകാശപ്പെടുകയും വില്ലേജ് ഓഫീസര്‍ ശരിവയ്ക്കുകയും ചെയ്തതാണ് ഭൂമി. 36 ഈട്ടികള്‍ മുറിക്കാന്‍ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ സ്ഥലം ഉടമയ്ക്കു നിരാക്ഷേപപത്രം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരംമുറി ആരംഭിച്ചതിനു പിന്നാലെയാണ് തഹസില്‍ദാര്‍ക്കു സ്വകാര്യ പരാതി ലഭിച്ചത്. സ്ഥലം സന്ദര്‍ശിച്ച തഹസിദാര്‍ മരം വെട്ട് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും മുറിച്ച മരങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു.
ജന്‍മം പട്ടയഭൂമിയിലെ ഈട്ടി ഉള്‍പ്പെടെ മരങ്ങള്‍ മുറിക്കുന്നതിനു നിയമതടസമില്ല. ഈ സാഹചര്യത്തിലാണ് ഭൂമി ജന്‍മം പട്ടയത്തില്‍പ്പെട്ടതാണെന്നു രേഖകകള്‍ പരിശോധിച്ചു ഉറപ്പുവരുത്തി മരം മുറിക്കു നിരാക്ഷേപപത്രം നല്‍കിയെന്നു വില്ലേജ് ഓഫീസര്‍ പറയുന്നു. മരം മുറി നടന്നതു സര്‍ക്കാരിനു അവകാശപ്പെട്ട ഭൂമിയിലാണോയെന്നു റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles