സിന്ധുവിന്റെ മരണം: ആര്‍.ടി ഓഫീസ് ജീവനക്കാരുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലെന്നു റിപ്പോര്‍ട്ട്

മാനന്തവാടി: സബ് ആര്‍.ടി ഓഫീസ് ജീവനക്കാരി എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിന്റെ(42) ആത്മഹത്യയെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തുന്ന തെൡവുകള്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. ഓഫീസ് ജീവനക്കാരില്‍ ചിലരുടെ മാനസിക പീഡനമാണ് സിന്ധുവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചതനുസരിച്ചു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് സിന്ധുവിന്റെ മരണത്തിനു ആര്‍.ടി ഓഫീസ് ജീവനക്കാരുമായി ബന്ധമില്ലെന്നു കണ്ടെത്തിയത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കമ്മീഷണര്‍ക്കു സമര്‍പ്പിച്ചു. മാനന്തവാടി സബ് ആര്‍.ടി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന 11 ജീവനക്കാരെ സ്ഥലംമാറ്റാനുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ആറിനാണ് സിന്ധുവിനെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭിന്നശേഷിക്കാരിയായ സിന്ധു അവിവാഹിതയാണ്. ആര്‍.ടി ഓഫീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങിയതാണ് ഇവരുടെ ഡയറി. സിന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മാനന്തവാടി എസ്.എച്ച്.ഒ എം.എം.അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published.

Social profiles