ആവേശമായി കല്‍പറ്റ ബ്ലോക്ക് ആരോഗ്യമേള

ആരോഗ്യ മേളയോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കല്‍പറ്റ: ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കല്‍പ്പറ്റ ബ്ലോക്ക്തല ആരോഗ്യമേള ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ വിഷയാവതരണം നടത്തി. ആരോഗ്യ മേളയോടനുബന്ധിച്ച് കല്‍പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്ക് നടത്തിയ വിളംബര ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ദന്തരോഗ വിഭാഗം, കണ്ണുരോഗ വിഭാഗം, ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി. സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട് ഐ സി.ഡി.സി സ്റ്റാള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്റ്റാള്‍, അക്ഷയ സേവനമൊരുക്കി അക്ഷയ സെന്റര്‍, കേരള ഗ്രാമീണ ബാങ്കിന്റെ സ്റ്റാള്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക് എന്നിവ ആരോഗ്യമേളയില്‍ സജ്ജമാക്കിയിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ക്ലാസ്, ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി നടന്നു. മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. ദേശീയ ഗെയിംസ്, പഞ്ചഗുസ്തി മത്സരം, സന്തോഷ് ട്രോഫി, ഏഷ്യന്‍ ഗെയിംസ്, ദേശീയ കായാക്കിംഗ്, ഫുഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ബാസ്‌കറ്റ് ബോള്‍ തുടങ്ങി വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിശിഷ്ടാതിഥികളെ മേളയോടനുബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ആദരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സലീം മേമന, ബ്ളോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാ സേനന്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles