വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി റിസോര്‍ട് മാനേജ്‌മെന്റ്

വയനാട് മോരിക്കാപ്പ് റിസോര്‍ടില്‍ സിംബാബ്‌വെ അണ്ടര്‍-23 ക്രിക്കറ്റ് ടീമിനു നല്‍കിയ സ്വീകരണത്തില്‍ പരിശീലകന്‍ ചിഗുംബുരു സംസാരിക്കുന്നു. മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ.ജെ. മഹേന്ദ്ര സമീപം.

കല്‍പറ്റ: വിദേശത്തടക്കമുള്ള ക്രിക്കറ്റ് ടീമുകളെ വിനോദസഞ്ചാരത്തിനും പരിശീലനത്തിനുമായി വയനാട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സ്വകാര്യ റിസോര്‍ട് മാനേജ്‌മെന്റ്. പിണങ്ങോടിനു സമീപം പ്രവര്‍ത്തിക്കുന്ന മോരിക്കാപ്പ് റിസോര്‍ട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ബംഗളൂരു ക്രിക്കറ്റ് എലമെന്റ്‌സ് എന്നിവയുടെ പിന്തുണയോടെ ‘ വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതി’ പ്രാവര്‍ത്തികമാക്കിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെത്തിയ സിംബാബ്‌വെ അണ്ടര്‍-23 ക്രിക്കറ്റ് ടീം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരള ഇലവനനെതിരേ മൂന്ന് ടി ട്വന്റി മത്സങ്ങള്‍ കളിച്ചു. സിംബാബ്‌വെ മുന്‍ ദേശീയതാരം ചിഗുംബുരു മുഖ്യ പരിശീലകനായ ടീം ഒരാഴ്ച ജില്ലയില്‍ തങ്ങി. പരിശീലകനും മാനേജരും അടക്കം 27 പേരടങ്ങുന്ന ടീം കഴിഞ്ഞ ദിവസം മടങ്ങി.
വയനാട്ടില്‍ ക്രിക്കറ്റ് ടൂറിസത്തിനു വലിയ സാധ്യതകളുണ്ടെന്നു റിസോര്‍ട് ചെയര്‍മാന്‍ നിഷിന്‍ തസ്‌ലിം, കെ.സി.എ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റനും ബംഗളൂരു ക്രിക്കറ്റ് എലമെന്റ്‌സ് ഡയറക്ടറുമായ കെ.ജെ.മഹേന്ദ്ര, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, ഡബ്ല്യു.ടി.ഒ ജോയിന്റ് സെക്രട്ടറി അനൂപ് പാലുകുന്ന് എന്നിവര്‍ പറഞ്ഞു. രാജ്യത്തെയും വിദേശത്തെയും മികച്ച ടീമുകളെ ജില്ലയില്‍ കൊണ്ടുവന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ക്രിക്കറ്റ് ആസ്വാദനത്തിനു തദ്ദേശീയര്‍ക്കും സാഹചര്യം ഒരുക്കുക പദ്ധതിയുടെ ലക്ഷ്യമാണ്. ക്രിക്കറ്റിനെയും വിനോദസഞ്ചാര മേഖലയെയും സംയോജിപ്പിക്കുകവഴി രണ്ടു മേഖലയിലും ജില്ലയ്ക്കു മുന്നേറാനാകും. അന്താരാഷ്ട്ര നിലവാരമുള്ള കൃഷ്ണഗിരി സ്റ്റേഡിയവും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ക്രിക്കറ്റ് ടൂറിസത്തിനു വലിയ സ്വീകാര്യത ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്നും റിസോര്‍ട് ചെയര്‍മാന്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന സിംബാബ്‌വെ താരങ്ങള്‍ക്കു വയനാട്ടിലേക്കുള്ള യാത്ര വേറിട്ട അനുഭവമായെന്നു പരിശീലകന്‍ ചിഗുംബുരു പറഞ്ഞു. ഉത്സാഹം നല്‍കുന്നതായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. അതിമനോഹരമാണ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. കൃഷ്ണഗിരിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. വയനാട് പര്യടനത്തിനു മുമ്പ് ഹൈദരാബാദിലും ബംഗളൂരുവിലും ടീം കളിച്ചതായും പരിശീലകന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles