വിഷു, പ്രകൃതിപോലും പൂത്തുലയുന്ന സുന്ദരവേള

കെ.പി.ചക്രപാണി പുല്‍പള്ളി

ലോകത്തെ തീ തീറ്റിച്ച കോവിഡ് മഹാമാരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ച റഷ്യ-ഉക്രൈന്‍ സംഘട്ടനത്തിനും തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയുടെ കണ്ണീരിനും ഇടയില്‍ ഒരു വിഷുവല്‍ പുണ്യകാലം കൂടി…
ജ്യോതിഷ പണ്ഡിതന്മാര്‍ സ്വപ്നത്തില്‍പ്പോലും സങ്കല്‍പിച്ചിട്ടില്ലാത്ത അത്യസാധാരണമായ ഒരു ദശാസന്ധിയിലൂടെ കടന്നു പോവുകയാണ് മാനവരാശി. ഏറ്റവും പുതിയ തത്വശാസ്ത്രങ്ങള്‍ പ്രകാരം ചിലരുടേത് വിഷുവാകും; ചിലരുടേത് ദുഃഖവെള്ളിയാഴ്ചയാകും എന്ന രീതിയില്‍ കൈയാലപ്പുറത്തെ ഗ്രഹനിലയിലാണ് ഭൂഗോളം.
എന്താണ് വിഷു?
വിഷു എന്നാല്‍ തുല്യമായത് എന്നാണര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഇതില്‍ മേട വിഷുവാണ് വിപുലമായി ആഘോഷിക്കപ്പെടുന്നത്.
വിഷുവിനെപ്പറ്റി വിവരിക്കുന്ന ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സത്യത്തില്‍ കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പു കൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തങ്ങളാണ്. വിഷുക്കണി ആണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവയും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് സ്വര്‍ണ വര്‍ണ കര്‍ണികാരപുഷ്പങ്ങള്‍ വിരിയിച്ച് പ്രകൃതി പോലും പൂത്തുലഞ്ഞുനില്‍ക്കുന്ന സുന്ദരവേളയാണ് വിഷു.
വിഷുവും കൃഷിയും ബന്ധിപ്പിച്ച് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ഷികാചാരങ്ങളാണ്.
ഭാരതത്തിലെ കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തില്‍ വിഷു ആയി ആഘോഷിക്കപ്പെടുന്നത്. ഭാരതത്തിലെമ്പാടും ഇതേദിവസം ആഘോഷങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് അസമിലെ ബിഹു. നമ്മുടെ വൈശാഖ മാസത്തിലെ വിഷു അവര്‍ക്ക് ബൈഹാഗ് ബിഹു ആണ്. ബിഹു ദിവസം കാര്‍ഷികോത്സവത്തിനു പുറമേ നവവത്സര ദിനവും വസന്തോത്സവവും എല്ലാമായി അസംകാര്‍ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും വളര്‍ത്തുമൃഗങ്ങളെ കണികാണിക്കലും കൈനീട്ടം നല്‍കലും എല്ലാം വിഷുവിലും ഉണ്ടല്ലോ.
ബിഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബില്‍ ഇതേ സമയം വൈശാഖിയും തമിഴ്നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നു. കര്‍ണാടകയിലും ആന്ധ്രപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന പേരില്‍ ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ് ഉഗാദി ആയത്. ഉഗാദിയുടെ അര്‍ത്ഥം ആണ്ടുപിറപ്പ് എന്നു തന്നെയാണ്.
ഇനി ആണ്ടുപിറപ്പിന്റേയും വിഷുവിന്റേയും ശാസ്ത്രീയത നോക്കാം. സൂര്യന്‍ അതിന്റെ സഞ്ചാരമധ്യേ തെക്ക് നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ച് കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (ഢലൃിമഹ ഋൂൗശിീഃ) എന്ന് വിളിക്കുന്നു.അതു പോലെ സൂര്യന്‍ വടക്ക് നിന്ന് തെക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox)എന്ന് വിളിക്കുന്നു.
കാലാവസ്ഥയെ അടിസ്ഥാനമാക്കിയാല്‍ മേഷവിഷു വസന്തവിഷുവും തുലാവിഷു ഗ്രീഷ്മവിഷുവും ആണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് നാം. സമകാലിക ചരിത്രത്തിലെ ഇന്ധനവില സമാനതകളില്ലാത്ത സര്‍വകാല റിക്കാര്‍ഡാണ്. മനുഷ്യന്റെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്വമേധയാ കടന്നുവരുന്ന വിഷുവും ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് അവനെ പ്രാപ്തനാക്കുന്ന ഈസ്റ്ററും ആഘോഷത്തിമര്‍പ്പിന്റെ പെരുന്നാളും അവനുള്ള പ്രത്യാശാകിരണങ്ങളാണ്.
മഹാകവി വൈലോപ്പിള്ളി പാടിയത് ഓര്‍മിച്ചു പോകുന്നു:
‘ഒന്നുതാനിനിമോഹം, കന്നിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്കമീ മണിക്കുട്ടന്‍
ഏതുധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും’
എല്ലാവര്‍ക്കും വിഷു-ഈസ്റ്റര്‍-പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published.

Social profiles