തൊഴില്‍ പോയ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കു ശമ്പളം കിട്ടിയില്ല

കല്‍പറ്റ: പിരിച്ചുവിട്ട കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കു പട്ടികവര്‍ഗ വികസന വകുപ്പ് മാര്‍ച്ചിലെ ശമ്പളം നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു മാര്‍ച്ച് 31നു സേവന കാലാവധി അവസാനിച്ച കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉന്നതരില്‍ ചിലരുടെ കള്ളക്കളികളാണ് ശമ്പളം വൈകുന്നതിനു പിന്നിലെന്നു ജോലി നഷ്ടപ്പെട്ട സോഷ്യല്‍ വര്‍ക്കര്‍മാര്‍ പറയുന്നു. അടിമപ്പണിക്കും അഴിമതിക്കും വിസമ്മതിച്ചതും ഗോത്രമേഖലയിലെ വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതില്‍ വിജയിച്ചതുമാണ് തങ്ങളെ ചിലരുടെ കണ്ണിലെ കരടാക്കിയതെന്നു കരുതുന്നവരും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കിടയിലുണ്ട്. ആദിവാസികളും ദളിതരുമാണ് ജോലി നഷ്ടമായ സോഷ്യല്‍ വര്‍ക്കര്‍മാരില്‍ അധികവും.
ആദിവാസി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്ത് ആദ്യമായി 2014ല്‍ വയനാട്ടിലാണ് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിച്ചത്. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദാന്തരബിരുദമുള്ളവരെയാണ് നിയമനത്തിനു പരിഗണിച്ചത്. 20,000 രൂപ ഓണറേറിയത്തില്‍ ജില്ലയില്‍ 26 പേര്‍ക്കായിരുന്നു നിയമനം. എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കു ഒരു മാസത്തെ പരിശീലനവും നല്‍കി. ആദിവാസികള്‍ക്കു വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭിക്കുന്നതിലെ തടസ്സങ്ങള്‍ കണ്ടെത്തി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുകയാണ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ പ്രധാന ജോലി. പരിശീലനം, ക്ലാസ്, സെമിനാര്‍, കൗണ്‍സലിംഗ് എന്നിവയിലൂടെ ആദിവാസികളെ ശക്തീകരിക്കുകയും ഉത്തരവാദിത്തമാണ്.
2017ലാണ് സംസ്ഥാനത്തെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഓരോ കമ്മിറ്റഡ്് സോഷ്യല്‍ വര്‍ക്കര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. ദളിത് വിഭാഗത്തിലെ 34 പേരടക്കം 40 പേരാണ് സോഷ്യല്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിരുന്നത്. ഓരോ സാമ്പത്തിക വര്‍ഷാവസാനവും ഇവരുടെ നിയമനം പുതുക്കുകയാണ് ചെയ്തിരുന്നത്. ഇവരെ അപ്പാടെ പിരിച്ചുവിട്ടാണ് പട്ടികവര്‍ഗ വികസന വകുപ്പ് പുതിയ നിയമനം നടത്തിയത്. താല്‍കാലിക നിയമനം ലഭിച്ചവര്‍ തൊഴില്‍ സംരക്ഷണത്തിനു പട്ടികവര്‍ഗ വികസന മന്ത്രിക്കും മറ്റും പലതവണ നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല.

Leave a Reply

Your email address will not be published.

Social profiles