തെരുവുനായയ്ക്കു പേവിഷബാധ: ആശങ്കയില്‍ കല്‍പറ്റ നഗരവാസികള്‍

കല്‍പറ്റ: കല്‍പറ്റയില്‍ ഈ ഞായറാഴ്ച 31 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ കല്‍പ്പറ്റ ടൗണ്‍. തെരുവ് നായ്ക്കള്‍ അലഞ്ഞുനടക്കുന്ന നഗരത്തില്‍ പേവിഷബാധയേറ്റ നായ മറ്റ് തെരുവ് നായ മറ്റു നായകളെയും, പൂച്ചകളെയും കടിച്ചിരുന്നു. നായക്ക് പേവിഷബാധയുള്ളതിനാല്‍ മറ്റു നായകള്‍ക്കും പേ വരാനുള്ള സാധ്യതയേറി. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കും. വരും ദിവസങ്ങളില്‍ കല്‍പ്പറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായകളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്. അതേസമയം കല്‍പ്പറ്റയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും നഗരസഭക്ക് യാതൊരു കുലുക്കവുമില്ലെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. നഗരം നീളെ തെരുവുനായകള്‍ പരന്നുകിടക്കുമ്പോഴും തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പദ്ധതിയൊന്നും നഗരസഭ ആവിഷ്‌കരിച്ചിട്ടില്ലെന്നാണ് വിമര്‍ശനം.
ഇക്കഴിഞ്ഞ ഞായറാഴ്ച പകലാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ നഗരത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ 10 പേര്‍ കുട്ടികളാണ്. പള്ളിത്താഴെ, എമിലി, മുണ്ടേരി, മെസ്ഹൗസ് റോഡ്, അമ്പിലേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കുട്ടികളില്‍ മുഖത്തു കടിയേറ്റ പള്ളിത്താഴെ മൈതാനി സ്വദേശിനിയായ മൂന്നു വയസ്സുകാരിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 20 പേര്‍ ജനറല്‍ ആശുപത്രിയിലും 10 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ നായയെ പള്‍സ് എമര്‍ജന്‍സി ടീം വൈകിട്ട് ആറുമണിയോടെയാണ് കുടുക്കിട്ടു പിടികൂടി നഗരസഭയ്ക്കു കൈമാറിയത്. കേരള വെറ്ററിനിറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴില്‍ പൂക്കോടിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.

Social profiles