വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം വേണം: സര്‍വകക്ഷി യോഗം

കല്‍പറ്റ: വയനാട്ടില്‍ വര്‍ധിക്കുന്ന വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം വേണമെന്ന് മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ പോലും ആനയടക്കം വന്യമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തണം. അറ്റകുറ്റപ്പണികള്‍ വൈകുന്നത് പലയിടങ്ങളിലും സൗരോര്‍ജ വേലികള്‍ ദുര്‍ബലമാകുന്നതിനു കാരണമാകുകയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കൈകാര്യത്തിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കണം. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തണം.
മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റു പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഫണ്ടിനു പുറമേയുള്ള സ്രോതസുകളും ഉപയോഗപ്പെടുത്തണം. തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയല്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്തി വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ക്കു പണം വിനിയോഗിക്കുന്നതിനു സാധ്യത പരിശോധിക്കണം.
പദ്ധതികളുടെ നിര്‍വഹണം കാര്യക്ഷമമാക്കണം. അംഗീകാരം ലഭിച്ച പദ്ധതികളുടെ പ്രവൃത്തി ഇഴയുന്ന സാഹചര്യം ഉണ്ടാകരുത്. പദ്ധതികളുടെ വിവരങ്ങളും സ്ഥിതിയും ജനപ്രതിനിധികളെ അറിയിക്കണം. വന്യമൃഗ ആക്രമണത്തിനു ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവും അനിശ്ചിതത്വവും ഒഴിവാക്കണം. നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ കാലാനുസൃതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഗഗാറിന്‍, വി.എ.മജീദ്, പ്രശാന്ത് മലവയല്‍, സി.കെ.ശശീന്ദ്രന്‍, കെ.ജെ. ദേവസ്യ, കെ.കെ.ഹംസ, എം.സി.സെബാസ്റ്റ്യന്‍, എന്‍.ഒ.ദേവസി, പി.പി.ആലി, യഹ്യാഖാന്‍ തലക്കല്‍, സി.എ. ശിവരാമന്‍, എം.ടി.ഇബ്രാഹിം, ഇ.ടി.ബാബു, എന്‍.പി.രജിത്ത്, ബി.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles