തൊഴിലുറപ്പ് പദ്ധതി: പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ 5,000 പേര്‍ പങ്കെടുക്കും

കല്‍പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ 12നു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിലും ധര്‍ണയും 5,000 പേര്‍ പങ്കെടുക്കും. യൂനിയന്‍ ജില്ലാ പ്രസിഡന്റ് എത്സി ജോര്‍ജ്, സെക്രട്ടറി എ.എന്‍.പ്രഭാകരന്‍, ട്രഷറര്‍ എ.വി.ജയന്‍, കല്‍പറ്റ ഏരിയ സെക്രട്ടറി പി.സി.ഹരിദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. രാവിലെ 10നു കനറ ബാങ്ക് പരിസരത്തു മാര്‍ച്ച് ആരംഭിക്കും. സമരത്തിന്റെ പ്രചാരണാര്‍ഥം ഇന്നു മുതല്‍ 10 വരെ വാഹനജാഥ നടത്തും. ജാഥയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിനു ചൂരല്‍മലയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ നിര്‍വഹിക്കും. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ 10നു വൈകുന്നേരം കോറോത്ത് സമാപിക്കും.
രാജ്യത്തെ ഗ്രാമീണ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനു 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി വിഹിതം 2020-21ല്‍ 1,13,000 കോടി രൂപയായിരുന്നത് 2022-23ല്‍ 73,000 കോടി രൂപയായി വെട്ടിക്കുറച്ചു. പദ്ധതിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ലേബര്‍ ബജറ്റ് ആറു കോടിയായി ചുരുക്കണമെന്നാണ് കേരളത്തിനു ലഭിച്ച കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ വര്‍ഷം സംസ്ഥാനം പത്തര കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 5.21 ലക്ഷം കുടുംബങ്ങള്‍ക്കു 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നിരിക്കെയാണ് ലേബര്‍ ബജറ്റ് ചുരുക്കണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്കു നല്‍കിവന്ന പണിയായുധ വാടക നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ജൂണ്‍ 14നു കേന്ദ്രം ഉത്തരവായി. തൊഴില്‍ ആരംഭിക്കുമ്പോഴും ഇടവെളയിലും അവസാനിക്കുമ്പോഴും തൊഴിലാളികളുടെയടക്കം ഫോട്ടോ പകര്‍ത്തി എന്‍.എന്‍.എം.എസ് സംവിധാനം വഴി അയയ്ക്കണമെന്ന നിര്‍ദേശം ഇതിനു പിന്നാലെ വന്നു. ഇതു ഇന്റര്‍നെറ്റ് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ പ്രയാസത്തിനു കാരണമായി. ഒരു പഞ്ചായത്തില്‍ ഒരേസമയം 20 പ്രവൃത്തികളേ ഏറ്റെടുത്തു നടത്താവൂ എന്ന ഉത്തരവ് ജൂലൈ 18നു പുറപ്പെടുവിച്ചു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തുകള്‍ക്കുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുന്നതാണ് ഈ ഉത്തരവ്.
രാജ്യത്ത് 16.06 കോടി കുടുംബങ്ങളിലേതായി 30.45 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 7.26 കോടി കുടുംബങ്ങളിലെ 10.62 കോടി തൊഴിലാളികള്‍ക്കു മാത്രമാണ് കഴിഞ്ഞ വര്‍ഷം ജോലി ലഭിച്ചത്. എട്ടു ശതമാനത്തില്‍ താഴെ കുടുംബങ്ങള്‍ക്കാണ് 100 തൊഴില്‍ദിനങ്ങള്‍ കിട്ടിയത്.
സംസ്ഥാനത്തു 41.19 ലക്ഷം കുടുംബങ്ങളിലെ 63.66 ലക്ഷം ആളുകളാണ് തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷമാണ് ആക്ടീവ് കുടുംബങ്ങളുടെ എണ്ണം. ഇതില്‍ 16.45 ലക്ഷം കുടുംബങ്ങളിലെ 19 ലക്ഷം തൊഴിലാളികള്‍ക്കു ജോലി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 5.21 ലക്ഷം പേര്‍ക്കു 100 തൊഴില്‍ദിനം തികയ്ക്കാനായി. 65 ആണ് ശരാശരി തൊഴില്‍ദിനങ്ങള്‍.
രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി ഏറ്റവും നല്ലനിലയില്‍ നടപ്പിലാക്കുന്നതു കേരളത്തിലാണ്. നഗര പ്രദേശങ്ങശളില്‍ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്തിനുതന്നെ മാതൃകയാണെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles