മാനന്തവാടി രൂപത സുവര്‍ണ ജൂബിലി ആഘോഷത്തിനു മെയ് ഒന്നിനു തുടക്കം

മാനന്തവാടി: മാനന്തവാടി രൂപതയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം മെയ് ഒന്നിനു തുടങ്ങുമെന്നു ബിഷപ് മാര്‍ ജോസ് പൊരുന്നേടം ബിഷപ്‌സ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്കു 1.30നു ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രൂപതയുടെ പ്രഥമ മെത്രാനും തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷമാണ് ജൂബിലി ആഘോഷത്തിനു ആരംഭം. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. ജൂബിലി വര്‍ഷത്തില്‍ സാമൂഹിക, ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ തുടക്കമിടുന്ന കര്‍മപദ്ധതികള്‍ ബിഷപ് പ്രഖ്യാപിക്കും. ഭവനരഹിതരില്ലാത്ത രൂപത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രാവര്‍ത്തികമാക്കുന്ന ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ രൂപതയുടെ സാമൂഹിക സേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രൂപതയുടെ പുതുക്കിയ നിയമാവലി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്യും. രൂപത ഭവനനിര്‍മാണത്തിനു നല്‍കുന്ന സ്ഥലങ്ങളുടെ ആധാരം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കൈമാറും. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
രൂപതാപരിധിയിലെ ഇടവകകളില്‍ നടത്തിയ സര്‍വേയില്‍ ഭവനരഹിതരായ 1,800 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭവനരഹിതരില്ലാത്ത രൂപത പദ്ധതി ആസൂത്രണം ചെയ്തത്. അഞ്ചു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഭവനനിര്‍മാണത്തിനു കല്ലോടിയില്‍ പത്ത് ഏക്കര്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയോടനുബന്ധിച്ചുള്ള ഡയാലിസിസ് സെന്ററാണ് ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതി.
മെയ് എട്ടിനു രൂപതയിലെ എല്ലാ ഇടവകകളിലും ഒമ്പതിനു എല്ലാ ഭവനങ്ങളിലും ജൂബിലി ഉദ്ഘാടനം നടത്തുമെന്നും ബിഷപ് പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍, സുവര്‍ണ ജൂബിലി കമ്മറ്റി കണ്‍വീനര്‍ ഫാ.ബിജു മാവറ, രൂപത പി.ആര്‍.ഒ ടീം അംഗങ്ങളായ ഫാ. ജോസ് കൊച്ചറക്കല്‍, സാലു മേച്ചേരില്‍, ജോസ് പള്ളത്ത്, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ഫാ.നോബിള്‍ തോമസ് പാറക്കല്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles