ഇഞ്ചി വിലയിലെ അനക്കം കര്‍ഷകര്‍ക്കു പ്രതീക്ഷയായി;
വിത്തിഞ്ചി ഡിമാന്റ് വര്‍ധിച്ചു

വിളവെടുത്ത ഇഞ്ചി ചാക്കുകളില്‍ നിറയ്ക്കുന്ന തൊഴിലാളികള്‍.

കല്‍പറ്റ-വിലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായ കയറ്റം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്തു ഇഞ്ചിക്കൃഷിയിറക്കിയ മലയാളി കര്‍ഷകര്‍ക്കു പ്രതീക്ഷയായി. കര്‍ണാടകയിലെ ഇഞ്ചികൃഷി അവസാനിപ്പിക്കാന്‍ ചെറുകിട, ഇടത്തരം കര്‍ഷകരില്‍ പലരും തീരുമാനിച്ചിരിക്കെയാണ് വില ഉയര്‍ന്നത്. ഇന്നലെ ഇഞ്ചി ചാക്കിനു (60 കിലോഗ്രാം) 1,400-1,500 രൂപയാണ് വില. 15 ദിവസം മുമ്പ് ഇതു 600-650 രൂപയായിരുന്നു.
വിലത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ കനത്ത നഷ്ടമാണ് ഇഞ്ചികൃഷി നിര്‍ത്താനുള്ള തീരുമാനത്തിലേക്കു കര്‍ഷകരെ നയിച്ചത്. കഴിഞ്ഞവര്‍ഷം കൃഷി ചെയ്തതില്‍ വിളവെടുക്കാന്‍ ബാക്കിയുള്ള ഇഞ്ചിയും വിറ്റ് നാട്ടിലേക്കു വണ്ടികയറാന്‍ കര്‍ഷകരില്‍ പലരും ഒരുങ്ങുന്നതിനിടെയാണ് വില ഉയരാന്‍ തുടങ്ങിയത്. ഡിമാന്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ ഇഞ്ചി വില ചാക്കിനു 3,000 രൂപ കവിയുമെന്നാണ് കൃഷിക്കാരുടെ കണക്കുകൂട്ടല്‍. കൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇഞ്ചി അപ്പാടെ വിറ്റവര്‍ വിത്തിഞ്ചിക്കുള്ള അന്വേഷണത്തിലും പാട്ടക്കരാര്‍ പുതുക്കാനുള്ള നീക്കത്തിലുമാണ്. ഇത് വിത്തിഞ്ചിയുടെ വില ഉയരുന്നതിനും കാരണമായി. ചാക്കിനു 2,000 രൂപ വിലയിലാണ് നിലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വിത്തിഞ്ചി കച്ചവടം. കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ വിഷമത അനുഭവിക്കുന്ന സാഹചര്യത്തിലും പാട്ടത്തുകയില്‍ കാര്യമായ കുറവു വരുത്താന്‍ ഭൂവുടമകള്‍ തയാറാകുന്നില്ല.
ഇപ്പോള്‍ ലഭിക്കുന്ന വില ഉല്‍പാദനച്ചെലവിന്റെ അയലത്തു വരില്ലെങ്കിലും നഷ്ടത്തിന്റെ ലഘൂകരണത്തിനു ഉതകുമെന്നു മൈസൂരു ജില്ലയിലെ കണ്ണമ്പാടിക്കു സമീപം കൃഷിയുളള ബത്തേരി ഇരുളം അങ്ങാടിശേരി കൊല്ലിയില്‍ ജോര്‍ജ് പറഞ്ഞു. ഒരേക്കറില്‍ ഇഞ്ചി കൃഷി ചെയ്യുന്നതിനു ആറു ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്കു 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് 18 മാസത്തെ പാട്ടം. ജലസേചന സൗകര്യമുള്ള വയല്‍ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടമായി നല്‍കണം. വിത്ത്, ചാണകം, പുതയിടല്‍, ജലസേചനത്തിനുള്ള മരാമത്ത് പണികള്‍, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. മികച്ച ഉല്‍പാദനവും ചാക്കിനു 3,000-4,000 രൂപ വിലയും ലഭിച്ചാലെ ഇഞ്ചി കൃഷി ലാഭകരമാകൂ. വെള്ളപ്പൊക്കം, വരള്‍ച്ച, മാരകമായ രോഗബാധ എന്നിവയുടെ അഭാവത്തില്‍ ഏക്കറില്‍ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിന്റെ ഗുണവും മികച്ച പരിപാലനവും ഉയര്‍ന്ന വിളവിനു സഹായകമാണ്. ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിച്ചവര്‍ കര്‍ഷകര്‍ക്കിടയിലുണ്ട്.
കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്‌നഗര്‍, കുടക്, ഷിമാഗ ജില്ലകൡലാണ് പ്രധാനമായും കേരളത്തില്‍നിന്നുളള കര്‍ഷകര്‍
ഇഞ്ചി കൃഷി ചെയ്യുന്നത്. ഒറ്റയ്ക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിനു വരും. തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. തമിഴ്‌നാട്, ഗോവ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമി പാട്ടത്തിനെടുത്ത് മലയാളികള്‍ ഇഞ്ചിയും മറ്റു കൃഷികളും നടത്തുന്നുണ്ട്.
സ്വദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തുക വായ്പയെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തിയവര്‍ക്കാണ് വിലത്തകര്‍ത്ത കടുത്ത ആഘാതമായത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പലരും. വന്‍തോതിലുള്ള കൃഷി തുടരാനുള്ള ശേഷിയും ഇക്കൂട്ടര്‍ക്കു ഇല്ലാതായി. നഷ്ടംമൂലം തീര്‍ത്തും പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളി കര്‍ഷകരുടെ കൂട്ടായ്മയായ യുനൈറ്റ്ഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ടുവരികയാണ്. കൃഷി തുടരുന്നതിനു ഇതിനകം ഏതാനും പേര്‍ക്കു ഇഞ്ചിവിത്തും സാമ്പത്തിക സഹായവും നല്‍കി. അടുത്ത വര്‍ഷം തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇത്.
പാട്ടക്കൃഷിക്കാര്‍ക്കു കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്നില്ല. കേരളത്തില്‍നിന്നുള്ള ലീസ് കര്‍ഷകരെ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും പാട്ടക്കൃഷിക്കാര്‍ക്കു ലഭിക്കുന്നില്ല. പ്രകൃതിക്ഷോഭത്തിലും മറ്റുമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഭൂവുടമയ്ക്കാണ് അനുവദിക്കുന്നത്. പാട്ടക്കൃഷിക്കാരെ നിക്ഷേപകരായി കണക്കാക്കാനും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ തയാറാകുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ പാട്ടക്കൃഷിക്കാരെ പ്രവാസികളായി അംഗീകരിക്കണമെന്ന യുനൈറ്റ്ഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോടു കേരള സര്‍ക്കാരും മുഖംതിരിച്ചു നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published.

Social profiles