കാപ്പ നിയമം: വയനാട്ടില്‍ ഒരാള്‍ കൂടി അകത്ത്

കല്‍പറ്റ: കാപ്പ നിയമം(കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) അനുസരിച്ചു വയനാട്ടില്‍ ഒരാള്‍ കൂടി ജയിലായി. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ ഗൂണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട കാവുമന്ദം തരിയോട് എട്ടാംമൈല്‍ കാരനിരപ്പേല്‍ ഷിജു എന്ന കുരിശ് ഷിജുവിനെതിരെയാണ്(42)കാപ്പ നിയമം പ്രയോഗിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എ.ഗീതയാണ് ഷിജുവിനെതിരെ കാപ്പ നടപടിക്കു ഉത്തരവായത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷിജുവെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയില്‍ ഗൂണ്ട-സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 16 പേര്‍ക്കെതിരെ കാപ്പ നിയമം അനുസരിച്ചു നടപടി സ്വീകരിക്കുന്നതിന് പോലീസ് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരംതിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles