അമ്പലച്ചാല്‍ കോളനിയില്‍ കേന്ദ്ര മന്ത്രിക്കു കാണാനായത് ദുരിതപ്പെരുമഴ

വയനാട്ടിലെ കണിയാമ്പറ്റ അമ്പലച്ചാല്‍ പണിയ കോളനിയില്‍ ആദിവാസി വനിതയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സംസാരിക്കുന്നു.

കല്‍പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ അമ്പലച്ചാല്‍ പണിയ കോളനിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കാണാനായത് ദുരിതങ്ങളുടെ പെരുമഴ. കോളനിയില്‍ 40 സെന്റ് ഭൂമിയില്‍ 1989ല്‍ നിര്‍മിച്ച 23 വീടുകളില്‍ 32 കുടുബങ്ങളാണ് താമസം. വാസയോഗ്യമായ വീടുകളുടെയും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കോളനിവാസികളെ വലയ്ക്കുകയാണ്. 85കാരി മഞ്ഞളയാണ് കോളനിക്കാര്‍ അനുഭവിക്കുന്ന വിഷമതകള്‍ മന്ത്രിയോടു ദ്വിഭാഷിയുടെ സഹായത്തോടെ മന്ത്രിയോടു വിശദീകരിച്ചത്.
മന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നതല്ല അമ്പലച്ചാല്‍ കോളനി സന്ദര്‍ശനം. കലക്ടറേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനുശേഷം അപ്രതീക്ഷിതമായാണ് അവര്‍ അമ്പലച്ചാല്‍ കോളനിയിലേക്കു തിരിച്ചത്. ചതുപ്പിലാണ് കോളനി. മഴക്കാലത്ത് മുറ്റത്തും വീടിനകത്തു വെള്ളം കയറും. ശൗചാലയങ്ങള്‍ നിറഞ്ഞ് വിസര്‍ജ്യം കോളനി വളപ്പില്‍ ഒഴുകി നടക്കും.
വീടുകളുടെ ചോര്‍ച്ച് ഇതിനു പുറമേ. കോളനിയിലെ കിണര്‍ ഉപയോഗശൂന്യമാണ്. എല്ലാ വീടുകളിലും നേരത്തേ കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നു. നിലവില്‍ രണ്ട് പൊതുടാപ്പുകള്‍ മാത്രമാണ് ഉള്ളത്. വൈദ്യുതി എല്ലാ വീടുകളിലും ഇല്ല. സാംസ്‌കാരിക നിലയവും കുട്ടികള്‍ക്കുള്ള പഠനമുറിയും കോളനിക്കു അന്യം.
മഞ്ഞളയുടെ വാക്കുകള്‍ക്കു ശ്രദ്ധയോടെ കാതുകൊടുത്ത മന്ത്രി പിന്നീട് വീടുകളില്‍ ഒന്നില്‍ കയറി അവസ്ഥ പരിശോധിച്ചു. വിശദമായ പരാതി തയാറാക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കാനും പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനു അയയ്ക്കാനും നിര്‍ദേശിച്ചാണ് മന്ത്രി കോളനി വിട്ടത്. അമ്പലച്ചാലില്‍നിന്നു മാറ്റി പാര്‍പ്പിക്കണമെന്നതു കോളനിവാസികളുടെ ചിരകാല ആവശ്യമാണ്.

Leave a Reply

Your email address will not be published.

Social profiles