റാഷിദിനും സഫ്‌നാദിനും അഭിനന്ദനപ്പൂക്കളുമായി ഡി.വൈ.എഫ്.ഐ
*റാഷിദിനു വീടും സ്ഥലവും നല്‍കുമെന്നു ടി.സിദ്ദീഖ് എം.എല്‍.എ

കല്‍പറ്റ: സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടിയ കേരള ടീം അംഗങ്ങളും വയനാട്ടുകാരുമായ റാഷിദിനെയും സഫ്‌നാദിനെയും വീടുകളിലെത്തി ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കള്‍ അഭിനന്ദിച്ചു. പശ്ചിമ ബംഗാളുമായുള്ള ഫൈനലില്‍ നിര്‍ണായക ഗോള്‍ നേടി കേരളത്തിന്റെ വിജയശില്‍പിയായ താരമാണ് മേപ്പാടി മാന്‍കുന്ന് സ്വദേശി സഫ്‌നാദ്. കേരള ടീം കോച്ച് ‘ഔട്ട് സ്റ്റാന്റിംഗ് പ്ലെയര്‍’, ‘സൈലന്റ് കില്ലര്‍’ എന്നെല്ലാം വിശേഷിപ്പിച്ച താരമാണ് കല്‍പറ്റ മുണ്ടേരി സ്വദേശി റാഷിദ്.
പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ്, ജില്ലാ വൈസ് പ്രസിഡന്റ് സി.ഷംസുദ്ദീന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം അര്‍ജുന്‍ ഗോപാല്‍, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ്, കല്‍പറ്റ ബ്ലോക്ക് ട്രഷറര്‍ എം.കെ.റിയാസ് എന്നിവരടങ്ങുന്നതായിരുന്നു താരങ്ങളെ അഭിനന്ദിക്കാനെത്തിയ ഡി.വൈ.എഫ്.ഐ സംഘം.
റാഷിദിനെ കല്‍പറ്റ എം.എല്‍.എ ടി.സിദ്ദീഖും വീട്ടിലെത്തി അഭിനന്ദിച്ചു. റാഷിദിനു സ്വന്തമായി വീടും സ്ഥലവും നല്‍കുമെന്നു എം.എല്‍.എ അറിയിച്ചു. വയനാടിന്റെ കീര്‍ത്തി ഉയര്‍ത്തിയ രണ്ടു താരങ്ങള്‍ക്കും കല്‍പറ്റയില്‍ സ്വീകരണം ഒരുക്കുമെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles