സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം:
കല്‍പറ്റയില്‍ ഏഴു മുതല്‍ 13 വരെ മെഗാ പ്രദര്‍ശന-വിപണന മേള

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ വയനാട് ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി മെയ് ഏഴ് മുതല്‍ 13 വരെ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെഗാ പ്രദര്‍ശന-വിപണന മേള നടത്തുമെന്നു ജില്ലാ കലക്ടര്‍ എ.ഗീത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിനു വൈകുന്നേരം നാലിനു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മേളയില്‍ വിവിധ ദിവസങ്ങളിലായി 10 വിഷയങ്ങളില്‍ സെമിനാറും ഒമ്പത് കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 ഉം സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നൂറും സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യ മേളയും ഒരുക്കും. കേരളത്തിലെ 10 ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, കേരളത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചിത്രീകരിക്കുന്ന പി.ആര്‍.ഡിയുടെ എന്റെ കേരളം ചിത്രീകരണം, കിഫ്ബി പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്‌നോ ഡെമോ ഏരിയ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷകങ്ങളായിരിക്കും. ശീതീകരിച്ച ജര്‍മന്‍ ടെന്റുകളിലാണ് പവലിയനുകള്‍ സജ്ജീകരിക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി എട്ടു വരെയാണ് സ്റ്റാളുകളില്‍ പ്രവേശനം. മേളയോടനുബന്ധിച്ചു ദിവസവും വൈകുന്നേരം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മേളയുടെ ഒരുക്കം അന്തിമഘട്ടത്തിലാണെന്നു കലക്ടര്‍ പറഞ്ഞു. എ.ഡി.എം. എന്‍.ഐ.ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി.പ്രഭാത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ സാമുവല്‍, കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി വാസു പ്രദീപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles