ഏച്ചോം തുടി വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും വ്യാഴാഴ്ച തുടങ്ങും

കല്‍പറ്റ:വയനാട്ടിലെ ഏച്ചോം ആസ്ഥാനമായി തുടി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി നാട്ടറിവു പഠനകേന്ദ്രത്തിന്റെ 26-ാം വാര്‍ഷികാഘോഷവും ജൂബിലി ആഘോഷ സമാപനവും ആദിവാസി ഗ്രാമോത്സവവും ഇന്നു( വ്യാഴാഴ്ച )തുടങ്ങും. നാലു ദിവസം നീളുന്ന പരിപാടികള്‍ ഞായറാഴ്ച സമാപിക്കും. സംഘാടക സമിതി ഭാരവാഹികളായ ഫാ.ജേക്കബ് കുമ്മിണി, സി.മുഥന്‍, സി.കെ.അപ്പു, സി.എ.കമല, പ്രീത കെ.വെളിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. വ്യാഴാഴ്ച രാവിലെ 10നു പനമരം മാത്തൂര്‍ ആദിവാസി ഊരിലാണ് ഗ്രാമോത്സവത്തിനു കൊടിയേറ്റ്.
ശനിയാഴ്ച രാവിലെ തുടി ആസ്ഥാനത്തു പഠന ശില്‍പശാല ജെസ കോ ഓര്‍ഡിനേറ്റര്‍ ഡോ.ലെനിന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. ‘ഊര്’ സെക്രട്ടറി അമ്മണി വയനാട്, ജ്വാല ഡയറക്ടര്‍ കെ.ദിനേശന്‍, ചിത്ര നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫാ.ബിജു ജോര്‍ജ്, ഫാ.ബേബി ചാലില്‍ എന്നിവര്‍ സംയുക്തമായി എഡിറ്റ് ചെയ്ത ‘നീതിയുടെ വിളക്കുമരം’ എന്ന പുസ്തകം സാമൂഹിക പ്രവര്‍ത്തകനും വയനാട് ഡയറ്റ് മുന്‍ അധ്യാപകനുമായ കെ.കെ.സുരേന്ദ്രന്‍ പ്രകാശനം ചെയ്യും.
ഞായറാഴ്ച രാവിലെ 10നു തുടി ആസ്ഥാനത്തു വട്ടക്കളി മത്സരം നടത്തും. വൈകീട്ട് നാലിനു പാറക്കലില്‍നിന്നു തുടിയിലേക്കു സാംസ്‌കാരിക ഘോഷയാത്ര ഉണ്ടാകും. അഞ്ചിനു ഗോത്രപൂജയ്ക്കുശേഷം ചേരുന്ന സാംസ്‌കാരിക സമ്മേളനം തുടി മുന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് തേനാടികുളം ഉദ്ഘാടനം ചെയ്യും. ഫാ.സ്റ്റാന്‍ സ്വാമി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും തുടി മുന്‍ ഡയറക്ടറും ലോക് മഞ്ച് കേരള കോ ഓര്‍ഡിനേറ്ററുമായ ഫാ.ബേബി ചാലില്‍ നിര്‍വഹിക്കും. സാഹിത്യകാരന്‍ കെ.ജെ.ബേബി മുഖ്യപ്രഭാഷണം നടത്തും. തുടി മുന്‍ ഡയറക്ടര്‍മാരെ അദ്ദേഹം ആദരിക്കും. ആദിവാസി മൂപ്പന്‍മാരെയും യുവകലാകാരന്‍മാരെയും ഫാ.ജോ മാത്യു ആദരിക്കും. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും.

Leave a Reply

Your email address will not be published.

Social profiles