ജീവനക്കാരില്‍ ചിലരുടേത് സിവില്‍ സര്‍വീസിനെ നശിപ്പിക്കുന്ന സമീപനം-പി.ടി.സന്തോഷ്‌കുമാര്‍ എം.പി

മാനന്തവാടിയില്‍ ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം പി.ടി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ജീവനക്കാരില്‍ ചിലരുടേത് സിവില്‍ സര്‍വീസിനെ നശിപ്പിക്കുന്ന സമീപനമാണെന്നു പി.ടി.സന്തോഷ്‌കുമാര്‍ എം.പി. ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കരുത്തിലാണ് പൊതു സമൂഹത്തിന്റെ നിലനില്‍പ്പ്. അക്കാര്യം ജീവനക്കാര്‍ മറക്കരുത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി മാത്രം ജീവനക്കാരെ സൃഷ്ടിക്കുന്ന പ്രവണത സംസ്ഥാനത്തുണ്ട്. എല്ലാം കരാര്‍വല്‍ക്കരിച്ചാല്‍ മതിയെന്ന പ്രചാരണവും ശക്തമാണ്. ഒരു വിഭാഗം മാധ്യമങ്ങളും കോടതിയും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സമീപനത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ജീവനക്കാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന നിലപാടില്‍ എത്തിച്ചേരുന്നതു ശരിയല്ലെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി.എം.രേഖ രക്തസാക്ഷി പ്രമേയവും ടി.ഡി.സുനില്‍മോന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.എ.പ്രേംജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ആര്‍.ശ്രീനു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.ആര്‍.സുധാകരന്‍, ഇ.ജെ.ബാബു, കെ.ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി.സുജിത്ത്കുമാര്‍ സ്വാഗതം പറഞ്ഞു. യാത്രയയപ്പു സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Social profiles