പുറത്താക്കിയ പ്രവര്‍ത്തകനു മൂന്നു മാസം കഴിഞ്ഞു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി മുസ്‌ലിംലീഗ് നേതൃത്വം

കല്‍പറ്റ-അച്ചടക്ക ലംഘനം ആരോപിച്ച് മൂന്നു മാസം മുമ്പ് പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം. ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍നിന്നു നീക്കിയ വയനാട് കല്‍പറ്റ സ്വദേശി പി.പി.ഷൈജലിനാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി മൂന്നു മാസത്തിനുശേഷം നേതൃത്വം നോട്ടീസ് നല്‍കിയത്.
ഷൈജലിനെ 2021 ഡിസംബര്‍ രണ്ടിനാണ് അച്ചടക്ക ലംഘനത്തിനു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സംസ്ഥാന നേതൃത്വം പുറത്താക്കിയത്. 2021 നവംബര്‍ 21നു മുസ്‌ലിം ലീഗ് വയനാട് ജില്ലാ ഓഫീസില്‍ മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സക്കീറിനെയും മറ്റും അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ഇതിനുശേഷം വാര്‍ത്താസമ്മേളനം നടത്തി നേതാക്കളില്‍ ചിലരെ അഴിമതിക്കാരായി ചിത്രീകരി്ക്കുകയും ചെയ്തുവെന്നു ആരോപിച്ചു ഷൈജലിനെതിരെ ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നടപടി.
നോട്ടീസ് നല്‍കി വിശദീകരണം തേടാതെയും നേരിട്ടു രേഖാമൂലം അറിയിക്കാതെയും തനിക്കെതിരെ സ്വീകരിച്ച നടപടി പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു ആരോപിച്ചു ഷൈജല്‍ നല്‍കിയ പരാതിയില്‍ കല്‍പറ്റ മുനിസിഫ് കോടതി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം തേടിയിരുന്നു. ഷൈജലിനെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിച്ച് കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഷൈജലിനു അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. തനിക്കെതിരായ നടപടി പാര്‍ട്ടി ഭരണഘടനയ്ക്കു അനുസൃതമായാണ് സ്വീകരിച്ചതെന്നു വരുത്താനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് നോട്ടീസെന്നു ഷൈജല്‍ പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles