‘തുടി’ ഗ്രാമോത്സവത്തിനു ഇന്നു കൊടിയിറക്കം

ഏച്ചോം ‘തുടി’ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി വയനാട് വിഷയാവതരണം നടത്തുന്നു.

പനമരം:വയനാട്ടിലെ ഏച്ചോം ആസ്ഥാനമായി തുടി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി നാട്ടറിവു പഠനകേന്ദ്രത്തിന്റെ 26-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഇന്നു സമാപിക്കും. ഗ്രാമോത്സവത്തിന്റെ ഭാഗമായി ‘കോവിഡാന്തര ആദിവാസി ജീവിതം’, ‘ബാലാവകാശം’ എന്നീ വിഷയങ്ങളില്‍ ശില്‍പശാല നടന്നു. കണ്ണൂര്‍ സംസ്‌കൃതി ഡയറക്ടര്‍ റവ.ഡോ.ലെനിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി വയനാട്, റവ.ഡോ.ലെനിന്‍ ആന്റണി എന്നിവര്‍ യഥാക്രമം
വിഷയങ്ങള്‍ അവതരിപ്പിച്ചു. ആദിവാസികള്‍ നേരിടുന്ന ഭൂരാഹിത്യത്തിനു സത്വര പരിഹാരം കാണേണ്ടതുണ്ടെന്നു അമ്മിണി പറഞ്ഞു.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ‘നീതിയുടെ വിളക്കുമരം’ എന്ന പുസ്തകം സാംസ്‌കാരിക പ്രവര്‍ത്തകനും വയനാട് ഡയറ്റ് മുന്‍ അധ്യാപകനുമായ കെ.കെ.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഫാ.ബിജു ജോര്‍ജ്, ഫാ.ബേബി ചാലില്‍ എന്നിവര്‍ സംയുക്തമായി എഡിറ്റ് ചെയ്തതാണ് പുസ്തകം.
ഇന്നു രാവിലെ 10നു തുടി ആസ്ഥാനത്തു വട്ടക്കളി മത്സരം നടക്കും. വൈകീട്ട് നാലിനു പാറക്കലില്‍നിന്നു തുടിയിലേക്കു സാംസ്‌കാരിക ഘോഷയാത്ര ഉണ്ടാകും. അഞ്ചിനു ഗോത്രപൂജയ്ക്കുശേഷം ചേരുന്ന സാംസ്‌കാരിക സമ്മേളനം തുടി മുന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് തേനാടികുളം ഉദ്ഘാടനം ചെയ്യും. ഫാ.സ്റ്റാന്‍ സ്വാമി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും തുടി മുന്‍ ഡയറക്ടറും ലോക് മഞ്ച് കേരള കോ ഓര്‍ഡിനേറ്ററുമായ ഫാ.ബേബി ചാലില്‍ നിര്‍വഹിക്കും. സാഹിത്യകാരന്‍ കെ.ജെ.ബേബി മുഖ്യപ്രഭാഷണം നടത്തും. തുടി മുന്‍ ഡയറക്ടര്‍മാരെ അദ്ദേഹം ആദരിക്കും. ആദിവാസി മൂപ്പന്‍മാരെയും യുവകലാകാരന്‍മാരെയും ഫാ.ജോ മാത്യു ആദരിക്കും. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും.

0Shares

Leave a Reply

Your email address will not be published.

Social profiles