ആര്‍.ജി.സി.ബി പുല്‍ത്തൈല, നെല്ല് സംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങി

വയനാട്ടിലെ തവിഞ്ഞാല്‍ വാളാടില്‍ പുല്‍ത്തൈല ഉല്‍പാദന യൂനിറ്റ് ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സി.ബി) പൈതൃക ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിലെ തവിഞ്ഞാല്‍ വാളാടില്‍ പുല്‍ത്തൈല ഉല്‍പാദത്തിനും വെള്ളമുണ്ട പഞ്ചായത്തിലെ പീച്ചംകോട് നെല്ല് സംസ്‌കരണത്തിനും യൂനിറ്റ്
തുടങ്ങി. ഇവയുടെ ഉദ്ഘാടനം ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ നിര്‍വഹിച്ചു. തവിഞ്ഞാലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍മ മോയ്, ആര്‍.ജി.സി.ബി പദ്ധതി കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.പി.മനോജ്, ഡോ.എന്‍.പി.അനീഷ്, ഡോ.എസ്.അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു. പീച്ചംകോട് പൊതുപ്രവര്‍ത്തകരുടെയും നെല്‍ക്കൃഷിക്കാരുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കരണ യൂനിറ്റിനു തുടക്കം. പീച്ചങ്ങോട് പാറമൂലത്തറവാട്ടില്‍ നടന്ന ചടങ്ങില്‍, ആര്‍.ജി.സി.ബി ട്രൈബല്‍ ഹെരിറ്റേജ് പ്രോജക്ട് ടീം തയാറാക്കിയ ഗോമിത്ര ആപ്പ് ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രകാശനം ചെയ്തു.
പുല്‍ത്തൈല ഉല്‍പാദന യൂനിറ്റ് പ്രദേശത്തെ 40 ഓളം ആദിവാസി കുടുംബങ്ങള്‍ക്കു പ്രയോജനം ചെയ്യും. ഗുണമേന്‍മയും പോഷകമൂല്യവുമുള്ള അരി പ്രകൃതിദത്തമായ രീതിയില്‍ ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യുന്നതിനാണ് നെല്ല് സംസ്‌ക്കരണ യൂനിറ്റ് തുടങ്ങിയത്. ആര്‍.ജി.സി.ബി ജില്ലയില്‍ ഏഴ് ഹെക്ടര്‍ വയലില്‍ പരമ്പരാഗത നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കന്നുകാലികളെ ബാധിക്കുന്ന 16 പ്രധാന രോഗങ്ങളും അവയുടെ പ്രതിവിധികളും ഉള്‍പ്പെടുത്തി തയാറാക്കിയതാണ് ഗോമിത്ര ആപ്പ്. ഇടുക്കി, വയനാട് ജില്ലകളിലെ വിവിധ ആദിവാസി സമൂഹങ്ങളില്‍നിന്നു ശേഖരിച്ച അറിവുകളാണ് മൊബൈല്‍ ആപ്ലിക്കേഷനായി രൂപപ്പെടുത്തിയത്. ആപ്പിലെ ഉള്ളടക്കം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാരമ്പര്യ ചികിത്സാരീതിക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, തയാറാക്കുന്ന രീതി, അളവ്, നല്‍കേണ്ട രീതി, ചികിത്സയ്ക്കു ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളുടെ ചിത്രങ്ങള്‍ എന്നിവ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് കന്നുകാലികളുടെ രോഗം തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles