പുളിയര്‍മല ഐ.ടി.ഐയില്‍ സംഘര്‍ഷം; എസ്.ഐക്കും എം.എസ്.എഫ് നേതാവിനും പരിക്ക്

പരിക്കേറ്റ കല്‍പ്പറ്റ എസ്‌ഐ പി.പി അഖില്‍, എം.എസ്.എഫ് നേതാവ് ഫായിസ് തലക്കല്‍ എന്നിവര്‍ കൈനാട്ടി ആശുപത്രിയില്‍ ചികിത്സയില്‍

കല്‍പറ്റ: പുളിയാര്‍മല ഐ.ടി.ഐയില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്.ഐക്കും എം.എസ്.എഫ് നേതാവിനും പരിക്ക്. കാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കല്‍പറ്റ പുളിയാര്‍മല ഐ.ടി.ഐയില്‍ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കല്‍പ്പറ്റ എസ്.ഐ പി.പി അഖില്‍, എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈല്‍ തലക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹൈലിന് മുഖത്തും എസ്.ഐക്ക് നെഞ്ചിലുമാണ് പരിക്കേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇരുവരെയും കൈനാട്ടി താലൂക്ക് ഗവ. ആശുത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കോളജില്‍ ഇന്നായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ വെവ്വേറെ കൂട്ടമായി നില്‍ക്കുകയായിരുന്നു. ഇതില്‍ യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികല്‍ നിന്നിടത്തേക്ക് പുറത്ത് നിന്നെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പിടിച്ചുമാറ്റുന്നതിനിടയിലാണ് എസ്.ഐക്ക് മര്‍ദ്ദനമേറ്റത്. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പും കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. അത് യു.ഡി.എസ്.എഫ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അജ്മല്‍, എം.എസ്.എഫ് കല്‍പറ്റ മുനിസിപ്പല്‍ പ്രസിഡന്റ് അംജദ് ബിന്‍ അലി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles