അഭിഭാഷകന്റെ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കല്‍പറ്റ: വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കല്‍പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമി ജീവനൊടുക്കിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മേയ് 27ന് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖാ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമര്‍പ്പിക്കണം. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുന്‍ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാന്‍ കഴിയാതെ വന്നത്. ഇതിനെ തുടര്‍ന്ന് വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോള്‍ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍ ബാധ്യത ഉടന്‍ തീര്‍ക്കണമെന്ന ബാങ്കിന്റെ പിടിവാശിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കമ്മീഷന്‍ ഉത്തരവിലുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles