ടോമിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം-സംഷാദ് മരക്കാര്‍

കല്‍പറ്റ: ഭവന വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലുള്ള ജപ്തി നീക്കത്തില്‍ മാനസികമായി തകര്‍ന്നു ആത്മഹത്യ ചെയ്ത പുല്‍പള്ളി ഇരുളത്തെ അഭിഭാഷകന്‍ എം.വി.ടോമിയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനുമായ സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ മാനേജര്‍, കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ നടപടികള്‍ സര്‍ക്കാര്‍ അന്വേഷിക്കണം. ഉദ്യോഗസ്ഥ പീഡനമാണ് അഭിഭാഷകന്റെ ആത്മഹത്യക്കു വഴിയൊരുക്കിയത്. വായ്പ പുനഃക്രമീകകരിച്ചു തിരിച്ചടവിനു സാവകാശം നല്‍കിയിരുന്നെങ്കില്‍ ടോമിയുടെ ആത്മഹത്യ സംഭവിക്കില്ലായിരുന്നു. ജപ്തി നടപടി സമയം ക്രമസമാധനപാലന ആവശ്യത്തിനു മാത്രം സഹായം ചെയ്യേണ്ട പോലീസിന്റെ ഭാഗത്തുനിന്നാണ് ടോമിക്കു കൂടുതല്‍ പ്രകോപനം നേരിടേണ്ടിവന്നത്. ജനങ്ങളോടും ജനപ്രതിനിധികളോടും ആക്രോശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകണം. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് ജില്ലയിലെ സ്ഥിരം കാഴ്ച. വായ്പ കുടിശികയാക്കിയവരെ അപമാനിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles