അഭിഭാഷകന്റെ ആത്മഹത്യ: ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു

ബത്തേരി: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നു പുല്‍പള്ളി ഇരുളത്ത് അഭിഭാഷകന്‍ എം.വി.ടോമി ജീവനൊടുക്കിയ സംഭവത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. മാനുഷിക പരിഗണന നല്‍കാതെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയതാണ് ടോമിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് കത്ത്.
10 ലക്ഷം രൂപയുടെ ഭവനവായ്പയും രണ്ടു ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് വായ്പയുമാണ് ടോമി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയില്‍നിന്നെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാനായില്ല.
പലിശയും പിഴപ്പലിശയുമടക്കം വന്‍തുക കുടിശികയായി. തിരിച്ചടവിനു ടോമി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
കഴിഞ്ഞ ബുധനാഴ്ച ടോമിയുടെ വീട്ടില്‍ പോലീസുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ദയാരഹിത സമീപനമാണ് സ്വീകരിച്ചത്.
ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരന്‍ ഉള്‍പ്പെടെ ഇടപെട്ട് നാലു ലക്ഷം രൂപ ബാങ്കിനു നല്‍കി.
സ്ഥലം വിറ്റ് 10 ദിവസത്തിനുളളില്‍ ബാക്കി നല്‍കാമെന്ന ജനപ്രതിധിനികളുടെ ഉറപ്പിലാണ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയത്. രണ്ടു പെണ്‍മക്കളുള്ള ടോമിക്കു അഞ്ചു സെന്റ് സ്ഥലവും വീടും മാത്രമാണുള്ളത്. ഈ വസ്തു പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വായ്പ വിഷയത്തില്‍ സമൂഹമധ്യത്തില്‍ അപമാനിതനായതു ടോമിയെ മാനസികമായി തകര്‍ത്തു. ഇതേത്തുര്‍ന്നായിരുന്നു ആത്മഹത്യ. ടോമിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നീ ആവശ്യങ്ങളും കത്തിലുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles