ഷൈബിന്‍ ബന്ധത്തെച്ചൊല്ലി വിവാദം

ബത്തേരി: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫുമായി മുസ്്ലിംലീഗിന് ബന്ധമെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി. ഷൈബിന്‍ അഷ്‌റഫിനൊപ്പം ലീഗ് നേതാക്കളില്‍ ചിലര്‍ വേദി പങ്കിടുന്ന ഫോട്ടോ ദേശാഭിമാനി കഴിഞ്ഞ ദിവസമാണ് പ്രസിദ്ധപ്പെടുത്തിയത്. മുസ്‌ലിംലീഗ് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രവാസി ലീഗ് മുന്‍ പ്രസിഡന്റുമായ കണ്ണിയന്‍ അഹമ്മദുകുട്ടി ഉള്‍പ്പെടെ ചിലരിലാണ് ദേശാഭിമാനി ഷൈബിന്‍ ബന്ധം ആരോപിച്ചത്. ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കയാണ് ലീഗ് പ്രാദേശിക നേതൃത്വം. അടിസ്ഥാനമില്ലാതെയാണ് ദേശാഭിമാനി വാര്‍ത്തയും ചിത്രവും പ്രസിദ്ധപ്പെടുത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
തന്റെയും മറ്റു നേതാക്കളുടെയും ചിത്രം ഉള്‍പ്പെടുത്തി ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു കണ്ണിയന്‍ അഹമ്മദുകുട്ടി പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ കൊലക്കേസില്‍നിന്നു മുഖം രക്ഷിക്കാനുള്ള ശ്രമമാണ് പത്രത്തില്‍ കണ്ടത്. പ്രവാസി വ്യവസായി എന്ന നിലയില്‍ 2014ല്‍ പ്രവാസി ലീഗ് ഷൈബിന്‍ അഷ്റഫിനെ ആദരിച്ചിരുന്നു. എട്ട് വര്‍ഷം മുമ്പ് നടന്ന പരിപാടിയുടെ ഫോട്ടോ ഉപയോഗപ്പെടുത്തിയാണ് സി.പി.എമ്മും ദേശാഭിമാനിയും കള്ളക്കഥ മെനയുന്നത്. ഷൈബിന്‍ ലീഗുകാരനാണെന്നാണ് സി.പി.എം പ്രചാരണം. മുസ്‌ലിം ലീഗുമായി ഷൈബിനു ബന്ധമില്ല. രണ്ടു വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെടുത്തി എട്ടു വര്‍ഷം മുമ്പത്തെ ചിത്രം നല്‍കി സ്വയം പരിഹാസ്യരാവുകയാണ് സി.പി.എം. വധക്കേസ് പ്രതി നൗഷാദിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഇടതു കൗണ്‍സിലറുടെ മുന്നില്‍വെച്ചാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്. കവര്‍ച്ച, കൊലപാതക, സ്ഫോടക വസ്തു കേസുകളില്‍ പ്രതികളായത് സി.പി.എം പ്രവര്‍ത്തകരാണ്. ഇവരെ സംരക്ഷിക്കാന്‍ ഓടിനടന്ന സി.പി.എം നേതാക്കളാണ് മറ്റുള്ളവരുടെ ചിത്രം വെച്ച് കഥ മെനയാന്‍ ശ്രമിക്കുന്നതെന്നും അഹമ്മദുകുട്ടി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles