പൈക്കമൂലക്ക് പശുവളര്‍ത്തല്‍ ജോലിയല്ല; ജീവിതരീതിയാണ്

കോളറാട്ടുകുന്നിലെ പൈക്കമൂല കോളനിവാസികളുടെ പശുക്കള്‍ വനാതിര്‍ത്തിയില്‍ മേയുന്നു

കല്‍പറ്റ: പുല്‍പ്പള്ളി കോളറാട്ടുകുന്നിലെ പൈക്കമൂല കോളനിവാസികള്‍ക്ക് പശുവളര്‍ത്തല്‍ ഒരു ജോലിയല്ല; അതവര്‍ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന ജീവിതരീതിയാണ്. കാനനഭംഗി നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭംഗി ഇവിടുത്തെ വിശാലമായ പുല്‍മേടുകളാണ്. പകല്‍സമയത്ത് ഈ പുല്‍മേട്ടിലൂടെ നൂറ് കണക്കിന് ആടുമാടുകള്‍ മേഞ്ഞുനടക്കുന്നത് പതിവുകാഴ്ചയാണ്. ഈ ആടുമാടുകളെല്ലാം പൈക്കമൂല കോളനിക്കാരുടേതാണ്. വരുമാനമാര്‍ഗമായി കന്നുകാലി പരിപാലനം കാണാതെ പാരമ്പര്യമായി കൈവന്നത് ഇപ്പോഴും സംരക്ഷിച്ചുപോരുകയെന്നതാണ് കോളനിവാസികളുടെ ദൗത്യം. ഇതാണ് അവര്‍ പതിറ്റാണ്ടുകളായി ചെയ്തുപോരുന്നത്. അതിശക്തമായ വേനല്‍മഴ ലഭിച്ചതോടെ മെയ്മാസത്തിന്റെ ആദ്യവാരം പിന്നിടുമ്പോഴേക്കും വനമേഖലകള്‍ ഹരിതാഭമായി കഴിഞ്ഞു. ഇതോടെ വീണ്ടും പുല്‍മേടുകളില്‍ പശുക്കളുമായി എത്തുന്ന ഗോത്രകര്‍ഷകരുടെ കാഴ്ചകളും പതിവായി കഴിഞ്ഞു. പൈക്കമൂല കോളനിയില്‍ മാത്രം ഏകദേശം 150-ലധികം പശുക്കളാണുള്ളത്. നൂറിലേറെ ആടുകളും ഇവിടെയുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ ആടുകളെയും പശുക്കളും തെളിച്ച് അവര്‍ വനത്തിലെത്തും. പുല്‍മേടുകളില്‍ ഇവയെ മേയാന്‍ വിട്ടാല്‍ വൈകിട്ട് ആറ് മണി കഴിയുമ്പോഴാണ് തിരികെ കോളനിയിലേക്ക് മടങ്ങുക. രണ്ട് മാസം മുമ്പ് വരെ കന്നുകാലികളെ പരിപാലിക്കുക ഏറെ ദുഷ്‌ക്കരമായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. കാടുകള്‍ കരിഞ്ഞുണങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാതായി. എന്നാല്‍ ദിവസങ്ങളോളം മഴ ലഭിച്ചതോടെ സ്ഥിതി മാറി. വനമേഖലകള്‍ ഒരേ പോലെ പച്ചപ്പണിഞ്ഞതോടെ കന്നുകാലികളുടെ തീറ്റപ്രശ്നത്തിന് പരിഹാരമായെന്നും കോളിനാക്കാര്‍ പറയുന്നു.
വയനാട്ടില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിരവധി പേര്‍ ഫാമുകളടക്കം സ്ഥാപിച്ചുകൊണ്ട് പശുക്കളെ വളര്‍ത്താറുണ്ടെങ്കിലും യാതൊരു വരുമാനവും പ്രതീക്ഷിക്കാതെയാണ് ഇത്രയേറെ പശുക്കളെ പൈക്കമൂല കോളനിവാസികള്‍ വളര്‍ത്തിവരുന്നത്. 70-ഓളം പശുക്കളുള്ള പൈക്കമൂലകോളനിയിലെ ദീപേഷ് എന്ന കര്‍ഷകന്‍ പാല്‍ വില്‍പ്പന നടത്താറില്ല. ചാണകം മാത്രമാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്തിവരുന്നത്. പതിറ്റാണ്ടുകളായി കന്നുകാലി പരിപാലനം പരമ്പരാഗത രീതിയില്‍ തന്നെ ചെയ്യുന്നുവെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. പൂര്‍വീകര്‍ ചെയ്തിരുന്നത് ഇന്നും അതേ പോലെ പിന്‍തുടരുന്നു.
അതേസമയം, ഇവിടുത്തെ കര്‍ഷകരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം അതിരൂക്ഷമായ വന്യമൃഗശല്യമാണ്. മേയാന്‍ വിടുന്ന ആടുമാടുകളെ നഷ്ടപ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. പശുക്കളെ കടുവ പിടിച്ചുകൊണ്ട് പോയതടക്കം കോളനിവാസികള്‍ക്ക് ഇതേപറ്റി പറയാനുമേറെയുണ്ട്. എന്നാല്‍ എല്ലാം അതിജീവിച്ചുകൊണ്ട് അവര്‍ കന്നുകാലി വളര്‍ത്തല്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. പാരമ്പര്യമായി കൈമാറി വന്ന രീതിയില്‍ ഒരു കളങ്കവും ചേര്‍ക്കാതെ.

0Shares

Leave a Reply

Your email address will not be published.

Social profiles