മകന്റെ ലഹരി ഉപയോഗം പ്രവാസിയായ
പിതാവിനെ കൊലക്കേസ് പ്രതിയാക്കി

കല്‍പറ്റ-മകന്റെ ലഹരി ഉപയോഗം പ്രവാസിയായ പിതാവിനെ കൊലക്കേസില്‍ പ്രതിയാക്കി. വയനാട്ടിലെ മേപ്പാടി മാന്‍കുന്നിലാണ് സമൂഹത്തിന്റെ കണ്ണു തുറപ്പിക്കേണ്ട സംഭവം. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള വഴക്കിനിടെ മാന്‍കുന്ന് തോണിപ്പാടം മോഹനനാണ്(58) അബദ്ധത്തില്‍ മകന്‍ അക്ഷയിന്റെ(24) ജീവനെടുത്തത്. കുറ്റസമ്മതം നടത്തിയ മോഹനനെ മേപ്പാടി പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാത്രിയാണ് മോഹനനും അടുത്തയാഴ്ച ഗള്‍ഫില്‍ ജോലിക്കു പോകാനിരുന്ന മകനും വഴക്കടിച്ചത്. അക്ഷയ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതും വീട്ടില്‍ കലഹം ഉണ്ടാക്കുന്നതും പിതാവ് ചോദ്യം ചെയ്തതാണ് വഴക്കിനു കാരണമായത്. പിടിവലിക്കിടെ മോഹനന്‍ മകന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയതാണ് മരണത്തിനിടയാക്കിയത്. തിങ്കളാഴ്ച രാവിലെ മേപ്പാടി ഡി.എം.വിംസ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്ഷയിനു ജീവന്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍നിന്നു വിവരം ലഭിച്ചതനുസരിച്ചു പോലീസ് എത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ പാടുകള്‍ കണ്ടു. ഇതേത്തുടര്‍ന്നു അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോള്‍ മോഹനന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
അബുദാബിയിലായിരുന്ന മോഹനന്‍ ഡിസംബറിലാണ് നാട്ടിലെത്തിയത്. അക്ഷയ് ലഹരി ഉപയോഗിക്കുന്നതും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുന്നതും നാട്ടിലെത്തിയശേഷമാണ് മോഹനന്‍ അറിഞ്ഞത്. മോഹനനും ഭാര്യ വത്സലയും പലവട്ടം താക്കീതു ചെയ്‌തെങ്കിലും അക്ഷയ് ലഹരി ഉപയോഗം നിര്‍ത്തിയില്ല.
ഞായറാഴ്ച രാത്രി അച്ഛനും മകനും വീട്ടില്‍ തനിച്ചായിരുന്നപ്പോഴായിരുന്നു വഴക്ക്. ഈ സമയം അക്ഷയിന്റെ അമ്മയും സഹോദരിയും മറ്റൊരു വീട്ടിലായിരുന്നു.

Leave a Reply

Your email address will not be published.

Social profiles