ദീര്‍ഘവീക്ഷണമില്ലാതെയുള്ള റോഡ് പ്രവൃത്തി ജനങ്ങള്‍ക്കു ദുരിതമായി

മാനന്തവാടി: മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട്-പേരിയ റോഡ് പ്രവൃത്തി ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയത് ജനങ്ങള്‍ക്കു ദുരിതമായി. കെ.എസ്.ടി.പിയുടെ മേല്‍നേട്ടത്തില്‍ നൂറു കോടിയിലധികം രൂപ ചെലവഴിച്ചു നടത്തുന്ന പ്രവൃത്തിയുടെ ഭാഗമായി നാലു മാസം മുമ്പു പൊളിച്ചുമാറ്റിയ മുതിരേരി പാലം പുനര്‍നിര്‍മിക്കാത്തതും സുരക്ഷാസംവിധാനത്തോടെ താത്കാലിക പാലം പണിയാത്തതുമാണ് ജനങ്ങളെ വലയ്ക്കുന്നത്. പാലം പൊളിച്ചപ്പോള്‍ മഴക്കാലത്തിനു മുമ്പു പുതിയതു പണിയുമെന്നു കരാര്‍ സ്ഥാപനം അറിയിച്ചത് വെറുതെയായി. താത്കാലികമായി നിര്‍മിച്ച ചപ്പാത്ത് അപകടാവസ്ഥയിലാണ്. ചപ്പാത്തിലൂടെ ആളുകള്‍ നടക്കുന്നതുപോലും ജീവന്‍ പണയംവെച്ചാണ്. ഒറ്റപ്പെടുന്ന സ്ഥിതിയിലാണ് യവനാര്‍കുളം, കുളത്താട പ്രദേശങ്ങള്‍. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ചിലേടങ്ങളില്‍ വീടുകള്‍ക്കും ഭീഷണിയായി.
സുരക്ഷാസംവിധാനത്തോടെ താത്കാലിക പാലം നിര്‍മിക്കുകയും പുതിയപാലത്തിന്റെ പണി ഉടന്‍ ആരംഭിക്കുകയും വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, പഞ്ചായത്ത് മെംബര്‍ ജോണി മറ്റത്തിലാനി, പോരുര്‍ ഗവ.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മനോജ് കല്ലരികാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റോഡില്‍ ആവശ്യമായ പല സ്ഥലങ്ങളിലും ഡ്രൈനേജും സംരക്ഷണഭിത്തിയും ഇല്ലെന്നു അവര്‍ പറഞ്ഞു. വിഷയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ജില്ലാ കലക്ടര്‍ ഇടപെടണമെന്നും ജനങ്ങളുടെ ദുരിതത്തിന് അടിയന്തരപരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles