പോരാട്ടജീവിതത്തിലെ പൊള്ളുന്ന ഏടുകളുമായി ‘അടിമ മക്ക’

സി.കെ ജാനുവിന്റെ ആത്മകഥ ചര്‍ച്ചയാവുന്നു

ഒരു ദിവസം ദേഷ്യം പിടിച്ച്, ഞാനും അമ്മിണിയും, നെല്ലു പുഴുങ്ങുന്ന സമയത്ത്, നാലു ചെമ്പില്‍ നെല്ല് അടുപ്പത്തിട്ട്, നല്ലോണം തീ കത്തിച്ച്?, അടുത്തുള്ള കുള്ളില്‍ പോയി കളിച്ചോണ്ടിരുന്നു. നെല്ല് വേവുമ്പോള്‍ കോരിയെടുത്ത് ഉണക്കേണ്ടതാണ്, പക്ഷേ ഞങ്ങള്‍ പോയില്ല. കലത്തിന്റെ ചുറ്റും നെല്ല് വെന്തുമറിഞ്ഞു. ജന്മിയുടെ ഭാര്യ വന്നുനോക്കിയപ്പോള്‍ നെല്ല് കോരാന്‍ പറ്റാത്ത അവസ്ഥ. കലത്തിലേക്ക് വെള്ളമൊഴിക്കാന്‍ നോക്കിയപ്പോള്‍ വെള്ളവും ഞങ്ങള്‍ കോരിവെച്ചിട്ടില്ല. ജന്മിയുടെ ഭാര്യ ഞങ്ങളെ അന്വേഷിച്ചു വന്നു, നിങ്ങള്‍ എന്തുപണിയാണ് കാണിച്ചതെന്ന് ചോദിച്ചു. നെല്ല് മൊത്തം നാശായിന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. ‘എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്, ഞങ്ങള്‍ക്ക് പഴംങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങള്‍ തന്നെ ചെയ്തോ’ന്ന് ഞാനവരോട് പറഞ്ഞു.
(ട്രൂ കോപ്പി വെബ്‌സിന്‍ പ്രസിദ്ധീകരിക്കുന്ന സി.കെ ജാനുവിന്റെ ആത്മകഥയില്‍ നിന്ന്)

ഗോത്ര വനിത ചവിട്ടി നടന്ന കനല്‍ നിറഞ്ഞജീവിത വഴികള്‍, യാഥാര്‍ത്ഥ്യങ്ങള്‍, നേരനുഭവങ്ങള്‍ എന്നിവയുടെ പൊള്ളലുമായി സി.കെ ജാനുവിന്റെ ആത്മകഥ ചര്‍ച്ചയാവുന്നു. ആദിവാസികളുടെ ഭൂ അവകാശത്തിന് വേണ്ടി സമരം നയിക്കാനും പൊരുതാനും പ്രാപ്തയാക്കിയ തന്റെ ആത്മാനുഭങ്ങളെ തുറന്ന് എഴുതിയ ആത്മകഥ ‘അടിമ മക്ക’ എന്ന പേരില്‍ മലയാളത്തിലെ പ്രമുഖ വെബ്ബ് മാഗസിനിനായ ട്രൂ കോപ്പി വെബ്‌സിനില്‍ പ്രസിദ്ധീകരണം തുടങ്ങിയത്.
തിരുനെല്ലി തൃശ്ശിലേരികോളനിയിലെ ജനനം മുതല്‍ ജിവിതത്തോട് സമരം ചെയ്ത് അന്തര്‍ദേശിയ തലത്തില്‍ വരെ ചര്‍ച്ചയായ പോരാട്ടജീവിതത്തെ കുറിച്ചാണ് ജാനുവിന്റെ ആത്മകഥ പറയുന്നത്. വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു എഴുത്തു കൂടിയായിമാറും.
കോവിഡ് കാലത്തെ വളര്‍ത്ത് മകള്‍ ജാനകിയുമൊത്തുള്ള ഒറ്റപ്പെട്ട ദൈനംദിന ജീവിതമാണ് പുതിയ ഒരു രാഷ്ട്രീയ ഇടപെടലായി തന്റെ എഴുത്തിനെ മാറ്റാമെന്ന തീര്‍ച്ചയിലേക്ക് ജാനുവിനെ എത്തിച്ചത്. അടിമജീവിതകാലത്തെ കുറിച്ച് മിണ്ടാതെ, സഖാവ് വര്‍ഗ്ഗീസിന്റെ കാലത്തെ രാഷ്ട്രീയം ഓര്‍ത്തെടുക്കാതെ, അവിവാഹിത അമ്മമാരെ ചേര്‍ത്തുവക്കാതെ, ഭൂമിയുടെ രാഷ്ട്രീയം തിരിച്ചറിയാത്ത ആദിവാസി ജനതയെ സമരത്തിന്റെ അനിവാര്യത പഠിപ്പിക്കാതെ എങ്ങനെ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമെന്ന ജാനുവിന്റെ ചോദ്യം പലതിനുമുള്ള മറുപടിയാണ്. സംസ്ഥാനത്ത് ഒരു വനിതാ ഗോത്ര നേതാവ് എഴുതുന്ന ആദ്യ ആത്മകഥയായി മാറുകയാണ് ‘അടിമ മക്ക’.

0Shares

Leave a Reply

Your email address will not be published.

Social profiles