കാട്ടുപന്നി നശീകരണം: തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതല നല്‍കും

മാനന്തവാടി: ജനവാസ മേഖലകളില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനു തദ്ദേശ സ്ഥാപന അധ്യക്ഷരെ അധികാരപ്പെടുത്തും. ഇതിനു പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായി സര്‍ക്കാര്‍ നിയമിക്കും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 4(1)(ബിബി) പ്രകാരമായിരിക്കും നിയമനം. കാട്ടുപന്നി നശീകരണവുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സെക്രട്ടറിമാരെ കാട്ടുപന്നികളെ കൊല്ലുന്നതിനു അനുമതി നല്‍കുന്നതിനുള്ള അധികാരപ്പെട്ട ഉദ്യോഗസ്ഥരായി വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(ബി) ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നിയമിക്കാവുന്നതാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഒരു വര്‍ഷത്തെ പ്രാബല്യത്തോടെയാണ് പുതിയ നിര്‍ദേശങ്ങള്‍.
കാട്ടുപന്നികളെ വിഷംവെച്ചും സ്‌ഫോടക വസ്തു പ്രയോഗിച്ചും ഷോക്ക് ഏല്‍പ്പിച്ചും കൊല്ലരുതെന്നു നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നു പറയുന്നുണ്ടെങ്കിലും അവ ഏതൊക്കെയെന്നു വ്യക്തമാക്കുന്നില്ല. പന്നികളെ വെടിവെച്ചും കെണിവെച്ചു പിടിച്ചും മറ്റും കൊല്ലുന്നതിനു തടസ്സമില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍.കാട്ടുപന്നികളെ കൊല്ലുന്ന വേളയില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടം ഉണ്ടാകുന്നില്ലെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നു നിര്‍ദേശമുണ്ട്.
കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ കാട്ടുപന്നികളുടെ മാംസം അതത് തദ്ദേശ സ്ഥാപനങ്ങളില്‍ സ്റ്റാള്‍ ഒരുക്കി വിറ്റഴിക്കുകയും ഇങ്ങനെ ലഭിക്കുന്ന തുക ജീവകാരുണ്യനിധിയിലേക്കു മാറ്റുകയും ചെയ്യണമെന്ന അഭിപ്രായം പൊതുവെ ഉയരുന്നുണ്ട്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍, മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നകളെ 1972ലെ വന്യം-വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടം 11(1)(ബി) പ്രകാരം നടപടികള്‍ സ്വീകരിച്ചും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയും നേരിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles