സഞ്ജുവിനെ വിമര്‍ശിച്ച സച്ചിനെതിരെ മന്ത്രി ശിവന്‍കുട്ടി

കല്‍പറ്റ: ഈ സീസണിലെ ഐ.പി.എല്‍ ഫൈനല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ, സഞ്ജു സാംസണ് പിന്തുണയുമായി കേരള വിദ്യാഭ്യാസ മന്ത്രിയും രംഗത്ത്. ഫൈനല്‍ പോരിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് മന്ത്രി വി.ശിവന്‍കുട്ടി മറുപടിയുമായെത്തിയത്. ബംഗളൂരുവിനെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ സഞ്ജു പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനം അനുചിതമാണെന്നാണ് മന്ത്രി വിലയിരുത്തുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശിവന്‍കുട്ടി വിമര്‍ശനം പരസ്യമാക്കിയത്.
”സഞ്ജു മികച്ച രണ്ട് ഷോട്ടുകള്‍ കളിച്ചു. പക്ഷെ ഹസരംഗയില്‍ അദ്ദേഹത്തിന് പിഴച്ചു. അതൊരു അനാവശ്യ ഷോട്ടായിരുന്നു. അദ്ദേഹത്തിന് ആ സ്‌ട്രോക്ക് ഒഴിവാക്കി കളി നേരത്തെ തന്നെ പൂര്‍ത്തിയാക്കാമായിരുന്നു” എന്നാണ് സച്ചിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
അതേസമയം, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സെന്നും ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ”ഇതുവരെയുള്ള ഫോം തുടര്‍ന്നാല്‍ കപ്പ് ഉയര്‍ത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനില്‍ നിന്ന് ഉണ്ടാകരുതായിരുന്നുവെന്നും മന്ത്രി പറയുന്നു. ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതിനിടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് ഫൈനല്‍ നടക്കാനിരിക്കേ കേരളം പ്രാര്‍ത്ഥനയിലും തികഞ്ഞ പ്രതീക്ഷയിലുമാണ്. ആദ്യമായാണ് ഒരു മലയാളി നായകനാവുന്ന ടീം ഐ.പി.എല്‍ ഫൈനലിലെത്തുന്നത്. ഗുജറാത്ത് ശക്തരായ എതിരാളിയാണെങ്കിലും രാജസ്ഥാനും തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ്. ബട്‌ലര്‍, ബോള്‍ട്ട്, ചാഹല്‍, ഹെയ്ത്‌മെയര്‍, ആര്‍. അശ്വിന്‍ തുടങ്ങിയ പ്രതിഭകളുടെ കരുത്തില്‍ കിരീടത്തില്‍ മുത്തമിടാനാവുമെന്നാണ് സഞ്ജുവും കൂട്ടരും കരുതുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles