മാനന്തവാടിയില്‍ മയക്കുവെടിവെച്ചു പിടിച്ച കടുവയെ ബത്തേരി വന്യ മൃഗ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി

മാനന്തവാടി കല്ലിയോടില്‍ മയക്കുവെടിവെച്ചു പിടിച്ച കടുവ.

മാനന്തവാടി-മാനന്തവാടി കല്ലിയോടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ചു പിടിച്ചു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡി.എഫ്.ഒമാരുടെ സാന്നിധ്യത്തില്‍ ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ 11.45നു കടുവയില്‍ മയക്കുവെടി പ്രയോഗിച്ചത്. പിടികൂടിയ ആണ്‍ കടുവയ്ക്കു നാലു വയസ്സ് മതിക്കും. കല്ലിയോട്ടുകുന്നില്‍ ബുധനാഴ്ചയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നു പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വനപാലകര്‍ നിരീക്ഷിച്ചുവരുന്നതിനിടെയാണ് മയക്കുവെടി പ്രയോഗിക്കാന്‍ പറ്റുന്നവിധത്തില്‍ കടുവ മുന്നില്‍പ്പെട്ടത്. ഇതിനെ പിന്നീട് വാഹനത്തില്‍ കയറ്റി ബത്തേരി കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിചരണ-സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഫെബ്രുവരി 26നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിലെ ആദ്യ അതിഥിയാണ് കല്ലിയോട്ടുകുന്നില്‍ പിടിയിലായ കടുവ. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു നിര്‍മിച്ചതാണ് കുപ്പാടിയിലെ കേന്ദ്രം. ഇവിടെ ഒരേ സമയം നാലു കടുവകളെയോ പുള്ളിപ്പുലികളെയോ സംരക്ഷിക്കാന്‍ സൗകര്യമുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles