ആദിവാസി കോളനികളിലെ സന്ദര്‍ശനം: സര്‍ക്കുലറിനു സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വിമര്‍ശനം

ല്‍പറ്റ: ആദിവാസി ഊരുകളില്‍ പുറമേനിന്നുള്ളവരുടെ സന്ദര്‍ശനത്തിനു ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണമെന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിച്ച് സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി.
ആദിവാസി ഊരുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങളും അഴിമതികളും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് സര്‍ക്കുലറിനു പിന്നിലെന്നു കമ്മിറ്റി കുറ്റപ്പെടുത്തി. സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് ആദിവാസി ജനവിഭാഗങ്ങളെ ഒരു പരിധിവരെ പൊതുധാരയുമായി കണ്ണിചേര്‍ക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും അനുമതിയുണ്ടെങ്കിലേ പുറത്തുള്ളവര്‍ക്ക് ഊരുകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. ഭരണഘടനാവിരുദ്ധമായി പുതിയതരം പ്രാദേശിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം സര്‍ക്കുലറില്‍ പ്രകടമാണ്. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നു യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ബിജി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, പി.എം.ജോര്‍ജ്, എം.കെ.ഷിബു, പി.ടി.പ്രേമാനന്ദ്, പി.ആര്‍.അജയകുമാര്‍, കെ.സി.മല്ലിക, കെ.ജി. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles