എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണവും രണ്ടാംഘട്ട ഉദ്ഘാടനവും ജൂണ്‍ 4 ന്

കൽപറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 4 ന് (ശനി) രാവിലെ 11.30 ന് നടക്കും. സബ് കലക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ആര്‍. ശ്രീലക്ഷ്മി, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍, സി.ഇ.ഒ ഇന്‍ചാര്‍ജ് പി.എസ് ശ്യാം പ്രസാദ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ദേവസ്വം-പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി  മുഖ്യപ്രഭാഷണം നടത്തും.
മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും. മഴക്കാഴ്ച എക്‌സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര  ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്‍മാരെ ആദരിക്കലും ജില്ലാ നിര്‍മ്മിതി കേന്ദ്രക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ദരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി പി. എ മുഹമ്മദ് റിയാസും എന്‍ ഊര് സി.എസ്.ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്സിനെ അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എയും ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ. ഗീത, സബ് കളക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, കെ.സി.ഡബ്ല്യു.എഫ്.ബി വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ടീച്ചര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ഉഷകുമാരി, വൈത്തിരി  പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ എന്‍.കെ ജ്യോതിഷ് കുമാര്‍, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, മാനന്തവാടി ടി.ഡി.ഒ സി. ഇസ്മായില്‍, ഐ.ടി.ഡി.പി അസി. പ്രൊജക്ട് ഓഫീസര്‍ കെ.കെ മോഹന്‍ദാസ്, ബത്തേരി ടി.ഡി.ഒ ഇന്‍ചാര്‍ജ് എം.മജീദ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സമാപന സമ്മേളനം ജൂണ്‍ 5 ന് വൈകീട്ട് 3 ന് അഡ്വ. ടി സിദ്ദിഖ്  എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ ഊര് ആസ്പിരേഷന്‍ ഡിസ്ട്രിക് പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ജില്ലാ കലക്ടര്‍ എ. ഗീത വിതരണം ചെയ്യും. രണ്ടു ദിവസങ്ങളിലും വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറും.

*എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം*

കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്താനാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശ്രമിക്കുന്നത്.
ഗോത്രജനതയുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്ന വിധത്തി ല്‍ മാതൃകാപരമായി കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എന്‍ ഊര് പൈതൃകഗ്രാമം കോര്‍ത്തിണക്കും. ഇതുവഴി ഗോത്രജനതയ്ക്ക് സ്ഥിര വരുമാന വര്‍ധനവിനും ജീവിത അഭിവൃദ്ധിക്കും അവസരം അരുക്കുകയാണ് ലക്ഷ്യം.
പുതിയ തലമുറകള്‍ക്കായി ഗോത്ര കലകള്‍, വാസ്തു വൈദഗ്ധ്യങ്ങള്‍, പൈതൃകങ്ങള്‍, പാരമ്പര്യ വിജ്ഞാനീയം എന്നിവയുടെ സംരക്ഷണവും പരിപോഷണവും ലക്ഷ്യമിടുന്നു. ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയോഗിക സാമ്പത്തിക വരുമാന മാതൃകകള്‍ ആവിഷ്‌ക്കരിക്കുക, ഗോത്ര സമൂഹത്തിന് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനില്ലാതെ നേരിട്ടുള്ള വിപണി ഒരുക്കുക, വിവിധ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പരിശീലനം നല്‍കി ഇവര്‍ക്കിടയില്‍ ഉപജീവനത്തിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക, ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ശുചിത്വ പരിപാലനം, ആരോഗ്യ സംരക്ഷണം, സാക്ഷരത തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്ക്കരണം ഉറപ്പാക്കുക, ഗോത്ര വിഭാഗങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി വിനിമയം ചെയ്ത് സാമ്പത്തികാഭിവൃദ്ധിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക,
സര്‍ക്കാര്‍ സഹായത്തോടെയും പിന്തുണയോടെയും ഗോത്ര ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്.

ഗോത്ര വിപണി
ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂര  ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി തയ്യാറായിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും.

ഓപ്പണ്‍ എയര്‍ തിയേറ്റര്‍
എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഗോത്രകലാവതരണം നടക്കും

ട്രൈബല്‍ കഫറ്റീരിയ (വംശീയ ഭക്ഷണശാല)
രണ്ട് പ്രീമിയം കഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിച്ചത്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങള്‍ക്കൊപ്പം ഇവിടെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രകൃതി സൗഹൃത കളിമൈതാനങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാള്‍ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാര്‍ക്ക് കലകള്‍ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉല്‍പ്പന്നങ്ങളും പരമ്പരാഗത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles