അഡ്വ.ടോമിയുടെ ആത്മഹത്യ: ഇടതു കര്‍ഷക സംഘടനകള്‍ സമരം പുനരാരംഭിക്കുന്നു

കല്‍പറ്റ: ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ നീക്കത്തില്‍ മനംനൊന്ത് മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമി(56) മെയ് 13നു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു വയനാട്ടിലെ ഇടതു കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി സമരം പുനരാരംഭിക്കുന്നു. ടോമിയുടെ മരണത്തിനു പിന്നാലെ ഇടതു കര്‍ഷക സംഘടനകള്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഒത്തുതീര്‍ക്കുന്നതിനുഉണ്ടാക്കിയ വ്യവസ്ഥകള്‍ ബന്ധപ്പെട്ടവര്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം വീണ്ടും തുടങ്ങുന്നത്. ടോമിയുടെ വായ്പ കുടിശിക ഏറ്റെടുക്കുമെന്നും ആധാരം രണ്ടാഴ്ചയ്ക്കകം കുടുംബത്തിന് തിരികെ നല്‍കാമെന്നുമുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥയാണ് ബാങ്ക് ലംഘിച്ചത്. സമരത്തിന്റെ ഭാഗമായി 13ന് ജില്ലയിലെ മുഴുവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലേക്കും കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കും. 14 മുതല്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖ അനിശ്ചിതകാലം ഉപരോധിക്കും. ബാങ്ക് അധികൃതര്‍ ഭൂമിയുടെ ആധാരം തിരികെ നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഉപരോധം മുഴുവന്‍ ശാഖകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് സമരസമിതികള്‍ രൂപീകരിക്കും. ഡോ.അമ്പി ചിറയില്‍ അധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ്, ടി.ബി.സുരേഷ്, വി.പി.വര്‍ക്കി, എന്‍.ഒ.ദേവസി, കെ.മുഹമ്മദലി, റെജി ഓലിക്കരോട്ട്, പി.പി.സദാനന്ദന്‍, ജോസ്, രഞ്ജിത്ത്,
എ.ജെ.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles