ബ്രിട്ടീഷ്‌കാലത്തെ കെട്ടിടങ്ങള്‍ വിസ്മൃതിയിലേക്ക്

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച മാനന്തവാടിയിലെ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം

മാനന്തവാടി: ബ്രിട്ടീഷ് ഭരണകാലത്ത് മാനന്തവാടിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ലാതെ വിസ്മൃതിയിലേക്ക്. നിലവില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കൂടി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വരുംതലമുറയ്ക്ക് ബ്രിട്ടിഷ് ഏടുകള്‍ കാണാമറയത്താവുകയാണ്. ഇത്തരം നിര്‍മ്മിതികള്‍ നിലനിര്‍ത്തി പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിലേക്ക് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ അനുകൂല നിലപാടൊന്നുമെടുത്തിട്ടില്ല. മാനന്തവാടി സബ്‌രജിസ്ട്രര്‍ ഓഫീസ് കെട്ടിടം, താലൂക്ക് ഓഫീസ് കെട്ടിടം, പഴയ ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിച്ചതും നിലവില്‍ ഉപയോഗിച്ചു വരുന്നതും. എന്നാല്‍ ഈ കെട്ടിടങ്ങള്‍ ചരിത്രശേഷിപ്പുകളാണെന്ന വസ്തുത കണക്കിലെടുക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി പൊളിച്ചു നീക്കുകയാണ്. താലൂക്ക് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ ഓടുകള്‍ മാറ്റി ഇപ്പോള്‍ പുതിയത് വച്ചിരിക്കുകയാണ്. ഇതുകാരണം പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ മടിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ചരിത്രസ്മാരകങ്ങളാണ് നഷ്ടമാകുന്നതെന്ന തിരിച്ചറിവില്ലതെയാണ് അധികൃതര്‍ ഇത്തരം കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി കൊടുക്കുന്നതെന്ന് വിവര്‍ശനമുയര്‍ന്നുകഴിഞ്ഞു. താലൂക്ക് ഓഫീസ്, രജിസ്റ്റര്‍ ഓഫീസ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങള്‍ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലം ചരിത്രസ്മാരകങ്ങളായി നിലനിര്‍ത്തുന്നത് അസാധ്യമായിരിക്കുകയാണ്. മാനന്തവാടിയില്‍ അവശേഷിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിലെങ്കിലും ഈ സ്ഥിതി ആവര്‍ത്തിക്കരുതെന്ന ആവശ്യം ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles