സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ വയനാട് വന്യജീവി സങ്കേതം വരുമോ?
സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നു ആക്ഷന്‍ കമ്മിറ്റി

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ്
വയനാട് വന്യജീവി സങ്കേതത്തിനു ബാധകമോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നു നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് സുപ്രീം കോടതി വിധി ബാധകം. 1991 മുതലാണ് വനങ്ങളെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്ന കേന്ദ്ര
നിയമം പ്രാബല്യത്തിലായത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ 1991ല്‍ കൂട്ടിച്ചേര്‍ത്ത 26(എ) വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാലോ, 65 (3),(4) വകുപ്പുകള്‍ പ്രകാരം കല്‍പിത പദവി ലഭിച്ചാലോ മാത്രമേ ഒരു വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ.
കല്‍പിത പദവി ലഭിക്കണമെങ്കില്‍ആ വനം കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ റദ്ദാക്കപ്പെട്ട സംസ്ഥാന നിയമമനുസരിച്ച് മുന്‍പ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചതായിരിക്കണം. എന്നാല്‍ വയനാട് വന്യജീവി സങ്കേതം സംബന്ധിച്ച് ലഭ്യമായ വിജ്ഞാപനം 1973ലേതാണ്. അത് കേരള വനനിയമം 71-ാം വകുപ്പ് പ്രകാരമുള്ളതാണ്. ഈ വിജ്ഞാപനത്തില്‍ വ്യക്തമായി അതിര്‍ത്തി നിശ്ചയിക്കാത്ത 344.4 ചതുരശ്ര കിലോമീറ്റര്‍ വനത്തിന് വയനാട് വന്യജീവി സങ്കേതം എന്ന പേര് നല്‍കുക മാത്രമാണ് ചെയ്തത്. ഈ വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴും പ്രാബല്യത്തിലുള്ള കേരള ഫോറസ്റ്റ് ആക്ടില്‍ അതിനുള്ള വകുപ്പുമില്ല. അതിനാല്‍ വയനാട് വന്യജീവി സങ്കേതം, നിയമപരമായി നിലനില്‍പ്പുള്ള വിജ്ഞാപന പ്രകാരമോ കല്‍പിത പദവിയാലോ വന്യജീവി സങ്കേതത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് രാഷ്ട്രീയ നേതൃത്വം ഇടപെടണം. വയനാട് വന്യജീവി സങ്കേതം സംബന്ധിച്ച് നിയമ പ്രാബല്യമുള്ള വിജ്ഞാപനം ഇല്ലെങ്കില്‍ വളരെ ലളിതമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നമേ നിലവിലുള്ളൂ. സുപ്രീം കോടതി വിധി വയനാട് വന്യജീവി സങ്കേതത്തില്‍ സാങ്കേതികമായി നടപ്പിലാക്കാനാകില്ലെന്നു സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണ്. ജനങ്ങള്‍ പരിഭ്രാന്തരും രോഷാകുലരും ആണ്. ജനങ്ങളെ സമരമുഖത്തേക്ക് തള്ളിവിടുന്നതിനുമുമ്പു സുപ്രീം കോടതി വിധി വയനാട്ടില്‍ ബാധകമാണോ എന്നതില്‍ സര്‍ക്കാരില്‍നിന്ന് അടിയന്തര വിശദീകരണം തേടി രാഷ്ട്രീയ നേതൃത്വം ജനങ്ങളെ അറിയിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ജേക്കബ് ബത്തേരി, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, അബ്ദുല്‍റസാഖ്, ഐസന്‍ ജോസ്, ഇ.പി. മുഹമ്മദലി, ജോയിച്ചന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles